ലയനനടപടി പൂർത്തിയാക്കാൻ ഹൈക്കോടതി അനുമതി
കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘കേരള ബാങ്ക്’ രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന 21 കേസുകളും ഒന്നായി പരിഗണിച്ച് കോടതി ഡിസ്മിസ് ചെയ്തതോടെയാണ് തടസ്സങ്ങൾ മാറിയത്. സർക്കാരിന് ലയനനടപടി പൂർത്തീകരിക്കുന്നതിനും കോടതി അനുമതി നൽകിയിട്ടുണ്ട്.
2019 ഒക്ടോബർ ഏഴിന് 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. എന്നാൽ അന്തിമ അനുമതി ഉത്തരവിൽ കേരള സഹകരണ നിയമത്തിൽ വരുത്തിയ വകുപ്പ് 14എ ഭേദഗതി സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ അന്തിമ തീർപ്പിനെ അനുസരിച്ചാകണം ലയനം നടത്തേണ്ടത് എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയനനടപടിയാണ് ഇപ്പോൾ സാധ്യമാകുക.
ബാങ്കുകളുടെ ലയനം ഉത്തരവാകുന്നതിനെ തുടർന്ന് ജില്ല-സംസ്ഥാനസഹകരണ ബാങ്കുകളിലെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ഭരണം ഇല്ലാതാകും. സർക്കാർ നിയമിക്കുന്ന ഇടക്കാല ഭരണസമിതിയായിരിക്കും തുടർന്ന് ഭരണനിർവഹണം നടത്തുക. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന-റിസോർസ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ് എന്നിവരായിരിക്കും ആദ്യത്തെ ഇടക്കാല ഭരണസമിതിയിലെ അംഗങ്ങൾ. ഇടക്കാല ഭരണസമിതി അടിയന്തിരമായി യോഗം ചേർന്ന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളിൽ നാളിതുവരെ നടന്നുവന്ന പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ നടത്തി ഉത്തരവിറക്കും.
ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഡിസംബറിൽ വിളിച്ചുചേർക്കും. ആവശ്യമായി വരുന്ന ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജണ്ട. ഇതിൽ പുതിയ ബാങ്കിന്റെ ഭരണനിർവഹണവും പ്രവർത്തനമേഖലകളുമായിരിക്കും പ്രധാനമായും ഉൾക്കൊള്ളുന്നത്.
നിലവിൽ സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ ഉൽപന്നങ്ങളും, സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതൽ ഇത് പൂർണ്ണമായും നടപ്പിൽ വരുത്തും.
കേരളബാങ്ക് സി.ഇ.ഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.എസ് രാജനെ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
ജീവനക്കാരുടെ ലയനം ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിച്ച് 2020 മാർച്ച് 31നകം പൂർത്തീകരിക്കും. താൽക്കാലിക-കരാർ ജീവനക്കാർ, ദിവസവേതന ജീവനക്കാർ, കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും.
കേരള ബാങ്കിന് പുതിയ ലോഗോ, കളർ സ്‌കീം എന്നിവ റിസർവ് ബാങ്കിന്റെ അനുമതിക്ക് വിധേയമായി പുറത്തിറക്കും.
സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ അവശ്യമായ കെട്ടിടങ്ങൾ ആറുമാസത്തിനകം നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും.
പുതിയ ബാങ്കിന് യോജിച്ച രീതിയിൽ ഉദ്യോഗസ്ഥ ഘടന നവീകരിക്കും. എല്ലാ ജീവനക്കാർക്കും ആറുമാസത്തിനുള്ളിൽ വിദഗ്ദ്ധ പരിശീലനം ഉറപ്പാക്കും.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, പ്രമോഷൻ, സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ വ്യക്തമായ നയം രൂപീകരിക്കും. കേരള ബാങ്കിന്റെ പുതിയ ബാങ്കിംഗ് നയം ഉടൻ പ്രഖ്യാപിക്കും.
സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ കോർ ബാങ്കിംഗ് ഏകീകരണത്തിനുള്ള ടെണ്ടർ നടപടികൾ നടന്നു വരികയാണ്. 2020 സെപ്തംബറോടെ കോർ ബാങ്കിംഗ് ഏകീകരണം പൂർത്തീകരിച്ച് ടെസ്റ്റിംഗിന് സാധിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റിംഗിനുശേഷം പുതിയ ഏകീകൃത കോർ-ബാങ്കിംഗ് സംവിധാനത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് നൽകാവുന്ന രീതിയിൽ കേരള ബാങ്ക് പ്രവർത്തനക്ഷമമാകും. രണ്ടാംഘട്ടത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ഈ ശൃംഖലയിൽ കൂട്ടിയിണക്കാൻ നടപടി സ്വീകരിക്കും.
ഇടക്കാല ഭരണസമിതിയുടെ കാലാവധി പരമാവധി ഒരു വർഷമാണ്. എന്നാൽ, ബാങ്കുകളുടെ നിയമപരമായ ലയനം പൂർത്തീകരിച്ചതിനുശേഷം, ആവശ്യമായ ബൈലോഭേദഗതികൾ നടത്തി എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണസമിതിയെ ബാങ്കിന്റെ അധികാരമേൽപ്പിക്കും.
കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാൻ സർക്കാരിനൊപ്പം പ്രവർത്തിച്ച എല്ലാ വിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. ഡിസംബർ ആറിന് ഒരു ദിവസം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷമായി ഡിസംബർ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന സഹകാരി-ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ്, സഹകരണ രജിസ്ട്രാർ ഡോ: പി.കെ. ജയശ്രീ, സംസ്ഥാന സഹകരണ ബാങ്ക് സി.ജി.എം കെ.സി സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു.