കേരള സ്‌കൂള്‍ കലോത്സവത്തിന് ഭാഗമായി അലാമിപ്പള്ളിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ തല്‍സമയ സംപ്രേഷണവുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പിആര്‍ഡി സ്റ്റാളില്‍ കലോത്സവ പരിപാടികളുടെ തല്‍സമയ സംരക്ഷണത്തിനായി  വലിയൊരു ടി.വി സ്‌ക്രീനാണുള്ളത്.
സന്ദര്‍ശകര്‍ക്ക് കലോത്സവ വേദികളില്‍ എത്താതെ തന്നെ സ്റ്റാളില്‍ നിന്നും പരിപാടികള്‍  വീക്ഷിക്കാവുന്നതാണ്. ഇത് കൂടാതെ വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ വിവരങ്ങളും ആകര്‍ഷകമായി വിശദീകരിക്കുന്നുണ്ട്.   ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സംസ്ഥാനം നേടിയ നേട്ടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മീഡിയ സെന്റര്‍ മന്ത്രി സന്ദര്‍ശിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രെഫ.സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. കലോത്സവാര്‍ത്തകളും വീഡിയോകളും മാധ്യമങ്ങള്‍ക്ക് വളരെ വേഗത്തില്‍ നല്‍കുന്നതിന് വേണ്ടിയാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഐങ്ങോത്ത് പ്രധാനവേദിക്കരികിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പി ആര്‍ ഡി കണ്ണൂര്‍ മേഖലാ  ഡെപ്യൂട്ടി ഡയരക്ടര്‍ ഖാദര്‍ പാലാഴി,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി  റഷീദ് ബാബു, എ.ഐ.ഒ ഷാനി എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു. കാഞ്ഞങ്ങാട്  നഗരസഭാ ചെയര്‍മാന്‍ വി. വി രമേശന്‍ മന്ത്രിയെ അനുഗമിച്ചു
മീഡിയ സെന്റര്‍ കളക്ടറും സന്ദര്‍ശിച്ചു
മീഡിയ സെന്ററിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും സബ് കളക്ടര്‍ അരുണ്‍ കെ വിജയനും സെന്റര്‍ സന്ദര്‍ശിച്ചു.