അനുജന്‍ ദേവനന്ദന്‍ ഒന്നാംവേദിയില്‍ ചുവട് വെക്കുമ്പോള്‍, സദസിലിരുന്ന് താളം പിടിക്കുകയായിരുന്നു ചേച്ചി നന്ദന. കേരള സ്‌കൂള്‍ കലോത്സവം ഇവര്‍ക്ക്  കുടുംബകാര്യമാണ്.ഇത്തവണയും ആ പതിവ് തെറ്റിയില്ല.ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും പഞ്ചവാദ്യത്തിലും ആണ്  ദേവനന്ദന്‍ മത്സരിച്ചത്.
കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും  പഞ്ചവാദ്യത്തിലും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ തവണയും ദേവനന്ദന്‍ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഇത്തവണ  ഹയര്‍സെക്കണ്ടറി വിഭാഗം കൂടിയാട്ടത്തിലാണ് നന്ദന മത്സരിക്കുന്നത്. നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി  സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ് കെ പി ദേവനന്ദന്‍.ഇവിടുത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് കെ പി നന്ദന.സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത പുതിയ സിനിമയായ മോപ്പാളയിലെ  മുഖ്യകഥാപാത്രമാണ് ദേവനന്ദന്‍.
നീലേശ്വരം പള്ളിക്കരയിലെ നൃത്ത അധ്യാപിക സുധ കലാജ്ഞലിയുടെയും കെ പി വിനോദിന്റെയും മക്കളാണ് നന്ദനയും ദേവനന്ദനും. ചെറുപ്രായത്തില്‍ തന്നെ ഇരുവരും അമ്മയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു.ഇവര്‍ക്ക്  ഓരോ കലോത്സവവും ഇവരുടെ പ്രതിഭ കൂടുതല്‍ വെളിപ്പെടുത്താനുള്ള വേദിയാണ്.