ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാപ്പനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഇന്നത്തെ ആദ്യ കൂടിക്കാഴ്ച ജപ്പാന്‍ പ്രാദേശിക പുനരുജ്ജീവന വകുപ്പ് സഹമന്ത്രി സീഗോ കിതാമുരയുമായി ആയിരുന്നു. ഈ കൂടിക്കാഴ്ചയില്‍, വാര്‍ധക്യവും ജനസംഖ്യാപരമായ മാറ്റങ്ങളും, നഗരവല്‍ക്കരണം, ദുരന്തനിവാരണം എന്നിങ്ങനെ ജപ്പാന്‍റെയും കേരളത്തിന്‍റെയും പൊതുവായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു.
ഗ്രാമീണ ജപ്പാന്‍റെ പുനരുജ്ജീവനത്തിനുള്ള ജപ്പാന്‍റെ പഞ്ചവത്സര (2015-2020) തന്ത്രത്തെക്കുറിച്ച് കിതാമുര മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഗ്രാമീണ ജപ്പാനില്‍ ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാല വിദ്യാഭ്യാസവും ജോലിയും സൃഷ്ടിക്കുക, സര്‍ക്കാര്‍-സ്വകാര്യ സംഘടനകളുടെ ആസ്ഥാനം ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റുക എന്നിവയും പ്രസ്തുത തന്ത്രത്തിന്‍റെ ഭാഗമാണ്. പ്രാദേശിക പുനരുജ്ജീവന ശ്രമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സബ്സിഡിയും നല്‍കുന്നുണ്ട്.
ജപ്പാനും കേരളവും തമ്മിലുള്ള വ്യാവസായിക സഹകരണത്തെ ക്കുറിച്ച് ജപ്പാന്‍ സാമ്പത്തിക-വാണിജ്യ-വ്യവസായ മന്ത്രി ഹിഡെകി മക്കിഹാരയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരളത്തില്‍ ഒരു ജപ്പാന്‍ എക്സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജെട്രോ) ഓഫീസ് സ്ഥാപിക്കണമെന്ന് മക്കിഹാരയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2020 ജനുവരി 9, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ (അസെന്‍ഡ് 2020) പങ്കെടുക്കാന്‍ അദ്ദേഹം മക്കിഹാരയെയും ജപ്പാന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക-വാണിജ്യ- വ്യവസായ മന്ത്രാലയത്തെയും ക്ഷണിച്ചു.
ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) ആസ്ഥാനത്ത് ആയിരുന്നു ഇന്നത്തെ അവസാന ഔദ്യോഗിക യോഗം. മുഖ്യമന്ത്രി ജൈക്കയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് ജുനിച്ചി യമദയെ കണ്ടു. കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെയുള്ള നിര്‍ദിഷ്ട സെമി-ഹൈസ്പീഡ് റെയില്‍പാത കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. നിര്‍ദിഷ്ട അതിവേഗ റെയില്‍ പാത രണ്ട് നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് നാല് മണിക്കൂറായി കുറയ്ക്കും.
മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു
ഡിജിറ്റല്‍ ഹബ്
കേരളത്തില്‍ ഡിജിറ്റല്‍ ഹബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് മിനോരു നൗര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലാ യിരുന്നു നിസാന്‍ വൈസ് പ്രസിഡണ്ടിന്‍റെ പ്രതികരണം.
കേരളത്തിലെ റോഡ് ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെക്കാള്‍ മികച്ചതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 600 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ തന്നെ മറ്റ് ഐടികമ്പനികളിലെ നാനൂറോളം പേരുടെ സേവനവും ഉപയോഗിക്കുന്നു. ആയിരത്തോളം കരാറുകാാര്‍ക്കും തൊഴിലാളികള്‍ക്കും പരോക്ഷമായും തൊഴില്‍ ലഭിക്കുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ് ആരംഭിച്ചത്.