അറുപതാമത് സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട്  നടക്കുമ്പോള്‍ വെല്ലുവിളിയായിരുന്നത് ട്രാഫിക്ക് നിയന്ത്രണമായിരുന്നു. പോലീസിന്റെ കൃത്യമായ ആസൂത്രണത്തിലൂടെയും ഇടപെടലിലൂടെയും വലിയ പരാതികളില്ലാതെ കലോത്സവം നടത്താന്‍  സാധിച്ചു. പ്രധാന വേദിയും ഭക്ഷണശാലയും അടുത്തടുത്ത് സംസ്ഥാന പാതയില്‍ അടുത്തത്തടുത്തായത് ഗതാഗതനിയന്ത്രണത്തിന് പ്രയാസം സൃഷ്ടിച്ചെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സംയമനത്തോടെ ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കി.

ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിന്‍ഫിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരവും തിരിക്ക് കുറക്കാന്‍ സഹായിച്ചു. എ.എസ്.പി പി.ബി. പ്രശോഭ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുധാകരന്‍, എ.എസ്.പി ഡി. ശില്‍പ, സി.ഐമാര്‍, എസ്.ഐമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ ആരും റോഡില്‍ കുടുങ്ങിയില്ല. വെയിലും മഴയും അവഗണിച്ച് കലാ നഗരിയിലേക്ക് ഒഴുകിയ ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍മ്മ നിരതരായി.

കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, എസ്.പി.സി, എന്‍.എസ്.എസ്, റെഡ്‌ക്രോസ്, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവരും ഗതാഗത നിയന്ത്രണത്തിനും മത്സരാര്‍ത്ഥികളെ സഹായിക്കുന്നതിനും സ്തുത്യര്‍ഹമായി സേവനം ചെയ്തു.

സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ക്രമസമാധാന രംഗത്തും കാണാന്‍ കഴിഞ്ഞത്. യാതൊരു വിധ അക്രമ സംഭവങ്ങളും മേളയില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കളഞ്ഞു പോയ പേഴ്സും സ്വര്‍ണ്ണാഭരണവുമെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ വഴി ഉടമസ്ഥര്‍ക്ക് തിരിച്ച് ലഭിച്ച അനുഭവത്തിനുും സാക്ഷിയായി. കലോത്സവത്തിന്റെ സമാപന വേളയില്‍ മഴ പെയ്തപ്പോള്‍ ചുക്ക് കാപ്പി നല്‍കി. തായ്ച്ചവെള്ളം എന്ന പേരില്‍ നാല് ദിവസവും കുടിവെള്ളം വിതരണം ചെയ്തത് ജനങ്ങള്‍ക്ക് ഏറെ സഹായകമായി. പ്ലാസ്റ്റിക് ബോട്ടിലുകളിലുള്ള കുടിവെള്ളത്തിന്റെ ഉപയോഗം ഗണ്യമായി കുറക്കാന്‍ ഇത് സഹായിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഇത് ഒരു മാതൃകയുമായി. ടൗണ്‍ ഹാളിനടുത്ത വേദിയില്‍ തിളപ്പിച്ചാറ്റിയ കുടിവെള്ള വിതരണവുമായി പോലീസ് അസോസിയേഷനും കലോത്സവത്തില്‍ സജീവമായിരുന്നു.

കലാനഗരിയെ ആശങ്കയിലാഴ്ത്തി പൊടി ശല്യവും ചൂടും മത്സരങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ പൈപ്പുകളില്‍ വെള്ളം തളിച്ച് മൈതാനത്തെ പൊടി ശമിപ്പിക്കുകയായിരുന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. ഉച്ച സമയങ്ങളില്‍ ചൂടേറ്റ് വാടാന്‍ ഇടവരാതെ മത്സരാര്‍ത്ഥികളേയും ഉദ്യോഗസ്ഥരേയും കരുതലോടെ കാത്തു അവര്‍. ഗ്യാസ് സിലിണ്ടര്‍ ലീക്ക് ആയാല്‍ എങ്ങനെ രക്ഷ നേടാം, ക്ഷീണിതനായ വ്യക്തിയെ എങ്ങനെ ശുശ്രൂഷിക്കാം തുടങ്ങി ജനങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഫയര്‍ഫോഴ്സ് കലാ നഗരിയില്‍ സംഘടിപ്പിച്ചത്.