‘നീറ്‌സല്ലാതെ, തൂട്ട്‌സക്’ എന്ന് ക്ലാസ്മുറിയില്‍ അധ്യാപകന്‍ ഉറക്കെ പറഞ്ഞപ്പോള്‍ ആരും അമ്പരന്നില്ല. ‘ജലം അമൂല്യമാണ് അത് സംരക്ഷിക്കണം.’ എന്നത് സ്വന്തം ഗ്രോത്രഭാഷയില്‍ കേട്ടപ്പോള്‍ ഏവരും അത് ആവേശത്തോടെ ഏറ്റുചൊല്ലി. പ്രാദേശിക ഭാഷ വൈവിധ്യത്താല്‍ സമ്പന്നമായ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം അനായസമാക്കാനാണ് ഗോത്ര ഭാഷയിലെ പാഠ്യഭാഗങ്ങളുമായി സര്‍വശിക്ഷ കേരളം എത്തുന്നത്.
പ്രാഥമിക പഠന മാധ്യമമായ മലയാളത്തിലേക്ക് എത്തിചേരുന്നതിനുളള ബ്രിഡ്ജിംഗ് പാഠങ്ങളാണ് സമഗ്ര ശിക്ഷ കേരളയുടെ ഔട്ട് ഓഫ് സ്‌കൂള്‍ ഇടപെടലുകളുടെ ഭാഗമായി നല്‍കുന്നത്. കൊളഗപ്പാറയില്‍ നടന്ന മൂന്ന് ദിവസത്തെ ശില്‍പ്പശാലയില്‍ പാഠഭാഗങ്ങള്‍ക്ക് രൂപരേഖയായി. ഗോത്രഭാഷയില്‍ കുട്ടികളോട് സംവദിക്കാന്‍ പരിമിതിയുളള അധ്യാപകനും മലയാളത്തില്‍ ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടാന്‍ സാധിക്കാത്ത കുട്ടികള്‍ക്കും ബ്രിഡ്ജിംഗ് പാഠങ്ങള്‍ മുന്നേറ്റമാകും.
പണിയ, കുറുമ, കുറുച്യര്‍, ഊരാളന്‍, കാട്ടുനായ്ക്കര്‍ മുതലായ പന്ത്രണ്ടോളം പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷകളിലാണ് മലയാളം, ഗണിതം , ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മൂന്നാം ക്ലാസ് നിലവാരത്തില്‍ പാഠങ്ങള്‍ തയാറാക്കുന്നത്.
വിദ്യാലയത്തില്‍ എത്തിച്ചേരുകയും ഭാഷാ പരിമിതികൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്യുന്ന ആദിവാസിഗോത്ര വിഭാഗങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷാ കേരള പദ്ധതി തയ്യാറാക്കിയത്. ഇരുളം ജി.എച്ച്.എസ്, പുല്‍പ്പളളി വിജയ എല്‍.പി.എസ്, മീനങ്ങാടി ജി.എല്‍.പി.എസ് എന്നീ വിദ്യാലങ്ങളില്‍ സംസ്ഥാന തല റിസോഴ്‌സ് അംഗങ്ങളുടെയും ജില്ലയിലെ മെന്റര്‍ ടീച്ചര്‍മാരുടെയും നേതൃത്വത്തിലാണ് ട്രൈഔട്ടുകള്‍ സംഘടിപ്പിച്ചത്.
കുട്ടി പഠനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയ അവ്യക്തതകള്‍ മറികടക്കുന്നതിന് കുട്ടിയുടെ മൗലിക ഭാഷയില്‍ തയാറാക്കിയ പാഠഭാഗങ്ങള്‍ക്കാവുന്നുണ്ടെന്ന് ട്രൈഔട്ട് വിദ്യാലയങ്ങളിലെ അധ്യാപകര്‍ പ്രതികരിച്ചു. ഒരു വിദ്യാലയത്തില്‍ തന്നെ നിരവധി ആദിവാസി ഗോത്ര ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളുളള വയനാട്, ഇടുക്കി ജില്ലകളില്‍ ഫലപ്രദമാണ് ഈ പാഠ്യപദ്ധതി. ഓരോ കുട്ടിയുടേയും മൗലിക ഭാഷയില്‍ പുസ്തകരൂപത്തില്‍ പാഠങ്ങള്‍ എത്തിക്കുന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണിത്. ജില്ലയിലെ ഗോത്രബന്ധു അധ്യാപകരാണ് രണ്ടു ഘട്ടങ്ങളിലായി നടന്ന ട്രൈ ഔട്ട് പരിശീലനങ്ങള്‍ വിദ്യാലയങ്ങളില്‍ നടത്തിയത്. മെന്റര്‍ ടീച്ചര്‍മാരായ ജാനു രാജന്‍, കെ.മജ്ഞു,എം.എസ്.ശ്രീജ, സി.ബി.ശ്രീജ, എച്ച്.സുമേഷ്., ടി.സി. സനിത എന്നിവരാണ് പണിയ, കുറുമ, കാട്ടുനായ്ക്ക എന്നീ ഭാഷകളില്‍ ബ്രിഡ്ജിങ്ങ് പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ അവതരിപ്പിച്ചത്.
സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.സിന്ധു, ഡോ. ടി.പി കലാധരന്‍, ജില്ലാ പ്രോജ്കട് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.ഒ.സജി, ഒ.പ്രമോദ്, ബി.പി.ഒ. ഷാജന്‍ കെ.ആര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.