കൊച്ചി – സിവില്‍ സര്‍വീസിന്‍റെ വേദഗ്രന്ഥം ഭരണഘടനയാണെന്ന് അസി. കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. ഉദ്യോഗസ്ഥരുടെ ബൈബിളും ഖുറാനും ഭഗവദ് ഗീതയുമൊക്കെ ഇന്ത്യന്‍ ഭരണഘടനയാണ്.

ദേശീയ ഭരണഘടനാ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം സെന്റ് തെരേസാസ് കോളെജില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസ് അഭിരുചി ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയുടെ ഐക്യവും അഖണ്ഢതയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സിവില്‍ സര്‍വീസ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇതിലേക്ക് കടന്നു വരാനാഗ്രഹിക്കുന്നവര്‍ക്ക് പത്രവായന അനിവാര്യമാണ്. യു.പി.എസ്.സി പരീക്ഷാ പരിശീലനത്തിനുള്ള നിലവാരമുള്ള കേന്ദ്രങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലുണ്ട്.

സിവില്‍ സര്‍വീസിനോട് താല്‍പര്യവും ക്രമമായ തയാറെടുപ്പുമുണ്ടെങ്കില്‍ ആര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൈവരിക്കാനാകും. ആറു മുതല്‍ പത്തു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ നന്നായി ഹൃദിസ്ഥമാക്കി വേണം പരീക്ഷക്കായി തയാറെടുക്കാന്‍. മുന്‍ പരീക്ഷകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതും ഗുണം ചെയ്യും.

പരീക്ഷയും തയാറെടുപ്പുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവിധ സംശയങ്ങള്‍ക്ക് സബ് കളക്റ്റര്‍ ഉത്തരം നല്‍കി. തന്റെ സിവില്‍ സര്‍വീസ് പരീക്ഷാ അനുഭവങ്ങളും അവര്‍ പങ്കുവെച്ചു.