കാക്കനാട്: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ അവലോകനയോഗം ചേർന്നു. നഗരത്തിലെ വിവിധ ഡിവിഷനുകൾക്ക് കീഴിലെ കാനകളുടെയും തോടുകളുടെയും നവീകരണ, ശുചീകരണ പ്രവർത്തന സാധ്യതകൾ യോഗം വിലയിരുത്തി. അടുത്തമാസം ഒന്നാം തീയതി മുതൽ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഓഫീസ് കളക്ട്രേറ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കും. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.
കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ അതാറിറ്റി ഡെപ്യൂട്ടി കളക്ടർ കെ. ടി സന്ധ്യാ ദേവി, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബ്രേക്ക് ത്രൂ സാങ്കതിക സമിതി അംഗങ്ങളായ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാലു വർഗ്ഗീസ്, കൊച്ചി കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എച്ച്. ടൈറ്റസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.