പെരുമ്പാവൂർ: പുല്ലുവഴി ജയകേരളം എൽ.പി സ്കൂളിന് സമീപം പാറമടയിലെ ശുദ്ധജലത്തിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി പോലീസ് പിടികൂടി. ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നിർദ്ദേശ പ്രകാരമാണ് കുറുപ്പുംപടി പോലീസ് മാലിന്യവുമായെത്തിയ ടോറസ് ലോറി പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. രായമംഗലം വില്ലേജ് പരിധിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള പാറമടയിലാണ് ഉടമയുടെ അനുവാദത്തോടെ മാലിന്യം തള്ളാൻ ലോറി എത്തിയത്. നിലവിൽ പാറമടയിലുള്ള ശുദ്ധജലമാണ് സമീപവാസികൾ ഉപയോഗിക്കുന്നത്.
ഇതിലേക്ക് കഴിഞ്ഞ ദിവസം ഒരു ലോഡ് മാലിന്യം തള്ളിയിരുന്നു. പാറമട നികത്തിയെടുക്കുന്നതിന്റെ ഭാഗമാണ് മാലിന്യ നിക്ഷേപമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ വീണ്ടും മാലിന്യവുമായെത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ച് വണ്ടി തടഞ്ഞത്. തുടർന്ന് തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.