കാക്കനാട്: എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള വാര്‍ഡ്തല പരിശീലനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. ക്യാന്‍സറിന്റെ നേരത്തെയുള്ള കണ്ടെത്തലും സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും രോഗം വരാതിരിക്കാനുള്ള കരുതലുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പുറമേ ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്ന ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയെ അടുത്ത് പരിചയപ്പെടുത്തുകയുമാണ് താഴെതട്ടിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ക്യാന്‍സര്‍ പ്രതിരോധ നയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റെറാണ്.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുറമേ റെസിഡന്‍സ് അസോസിയേഷനുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള ബോധവത്കരണ മുന്നേറ്റത്തിനാണ് ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. വാര്‍ഡ് തല ബോധവത്കരണ ക്ലാസ്സുകള്‍ക്ക് പുറമേ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെയും ചികിത്സാ സംവിധാനങ്ങളെയും കുറിച്ചുള്ള ലഘുലേഖകളും മറ്റ് പ്രചാരണ സംവിധാനങ്ങളും തയ്യാറായിക്കഴിഞ്ഞു. സ്‌കൂള്‍തലം മുതല്‍ കോളേജ്തലം വരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ, ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. ജി്ല്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റെര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. കെ കുട്ടപ്പന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജാന്‍സി ജോര്‍ജ്ജ്, സരള മോഹന്‍, സി.കെ അയ്യപ്പന്‍കുട്ടി, എന്‍. അരുണ്‍, വിവിധ റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.