അങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിൽ കാർഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലൻ വിതരണോദ്ഘാടനം നിർവഹിച്ചു.
പട്ടികജാതി വികസന വകുപ്പും എസ്പോയർ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത ശേഷം 7156 പേരെ തൊഴിൽ തേടുന്നതിനുള്ള പരിശീലനം നൽകിയതായി മന്ത്രി അറിയിച്ചു.
ഇതിൽ 2376 പേർക്ക് വിദേശത്ത് തൊഴിൽ ലഭിച്ചു. 42 പേരെക്കൂടി വിദേശത്തേക്ക് അയക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. തൊഴിൽ ദാതാക്കൾ ആഗ്രഹിക്കുന്ന തൊഴിലിനു സമാനമായ പരിശീലനമാണ് സർക്കാർ നൽകിയതെന്നും മന്ത്രി പറഞ്ഞു. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. എസ്പോർ അക്കാദമി ഡയറക്ടർ പൗലോസ് തേപ്പാല, നഗരസഭ വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.പോൾ എന്നിവർ പ്രസംഗിച്ചു.