കാക്കനാട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് സന്നദ്ധ സംഘടനകളുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ജില്ലാ ദുരന്തനിവാരണ പദ്ധതി പുതുക്കുന്നതിനായുള്ള പൊതുജന അഭിപ്രായ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 384 വിദ്യാലയങ്ങളിലും കുടിവെളളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി പറഞ്ഞ കളക്ടര്‍ വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അറിയിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വില്ലേജ്, പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കി ജനങ്ങളെ പ്രതിരോധ സജ്ജരാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനായി താഴെതട്ടില്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കും.
പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ജില്ലാ ദുരന്തനിവാരണ പദ്ധതി അടുത്തമാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും കളക്ടര്‍ അറിയിച്ചു. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിലവാരം ഉറപ്പാക്കും. പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞ്‌പോകലുകള്‍ തടയുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ശുചിമുറികളുടെ നിലവാരം ഉറപ്പാക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ പൊതുജന ബോധവത്കരണത്തിലൂടെ നടപ്പിലാക്കിയ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും പ്രാദേശിക അടിസ്ഥാനത്തില്‍ പ്രത്യേക പരിശീലനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളില്‍ ജനങ്ങള്‍ക്ക് സ്വയം പ്രതിരോധ സജ്ജരാകാന്‍ ഇത്തരം പരിശീലനങ്ങള്‍ ഉപകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ പൊതുജന അഭിപ്രായരൂപികരണ യോഗത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ കെ. ടി. സന്ധ്യാ ദേവി, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് അഞ്ചലി പരമേശ്വരന്‍, ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ചാരുശ്രീ സി. എസ്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ കാലങ്ങളിലെ ദുരന്തമുഖങ്ങളില്‍ നേരിട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് വച്ച പൊതുജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയാകും പുതിയ ദുരന്തനിവാരണ പദ്ധതി രൂപീകരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ddmaekm@gmail.com എന്ന വിലാസത്തില്‍ അയയ്ക്കാം.