കാക്കനാട്: കിടപ്പാടം പണയപ്പെടുത്തിയുള്ള ഭര്‍ത്താക്കന്മാരുടെ സംരംഭക ഉദ്യമങ്ങളില്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഭര്‍ത്താക്കന്മാര്‍ വീടും വസ്തുവും പണയപ്പെടുത്തി വിവിധ സംരംഭങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് കടക്കെണിയില്‍പ്പെട്ട് കുടുംബം അരക്ഷിതാവസ്ഥയിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി കമ്മീഷന്‍ വിലയിരുത്തി. ബാങ്കിംഗ് നിയമങ്ങള്‍ ശക്തമായ ഈ കാലത്ത് ലേഖാ ഷാജിമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത കാട്ടണമെന്ന് കമ്മീഷനംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. ഭര്‍ത്താക്കന്മാരുടെ സാമ്പത്തിക പിടിപ്പുകേടുകള്‍ കാരണം ജപ്തി നടപടികള്‍ നേരിട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ ദയനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കമ്മീഷന്‍ അദാലത്തില്‍ സ്വന്തം വീട്ടില്‍ വിധവയായ അമ്മയ്ക്ക് സംരക്ഷണം ഒരുക്കാത്ത മക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒക്ക്് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ആണ്‍മക്കളുള്ള അമ്മയ്ക്കാണ് സ്വന്തം പേരിലുള്ള വീട്ടില്‍ മതിയായ പരിചരണം ലഭിക്കാത്ത സാഹചര്യം. മക്കളുടെ പേരില്‍ കടമുറികളും വരുമാനവുമുറപ്പാക്കിയ അമ്മയോടാണ് മക്കളുടെ അവഗണന. ഗൗരവമുള്ള പരാതികള്‍ പരിഗണിക്കുന്ന കമ്മീഷന് മുമ്പാകെ അയല്‍ വാസിയുടെ പ്രാവ് വീട്ടില്‍വരുന്നതും ഫ്‌ളാറ്റിലെ പൊതുഇടങ്ങള്‍ ആര്‍ വൃത്തിയാക്കണം തുടങ്ങിയ അനാവശ്യപരാതികളുമായി എത്തുന്ന പ്രവണത അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

83 പരാതികള്‍ പരിഗണിച്ച അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. മൂന്ന് പരാതികള്‍ റിപ്പോര്‍ട്ടുകള്‍ക്കായും 54 പരാതികള്‍ അടുത്ത സിറ്റിംഗിലേക്കും മാറ്റി. അടുത്ത സിറ്റിംഗ് ഡിസംബര്‍ 11ന് നടക്കും. കമ്മീഷനംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം. എസ് താര, ഡയറക്ടര്‍ വി. യു കുര്യാക്കോസ്, അഡ്വ. എ. ഇ അലിയാര്‍, അഡ്വ. യമുന, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗണ്‍സിലര്‍ സന്ധ്യ വി. കെ എന്നിവര്‍ പങ്കെടുത്തു.