കേരളത്തെില തന്നെ ഏറ്റവും ഉയരം കൂടിയ പാലമായ കാസർകോട് ആയംകടവ് പാലം യഥാർത്ഥ്യമായി.  ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയുടെ ഒരു സ്വപ്‌ന പദ്ധതി കൂടിയാണ് പൂർത്തിയാകുന്നത്. പെർലടുക്കം-ആയംകടവ്-പെരിയ റോഡിൽ പയസ്വിനിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലം പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് പണികഴിപ്പിച്ചത്. 24 മീറ്റർ ഉയരത്തിലും 150 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന്റേയും 3.800 കിലോമീറ്റർ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും പ്രവൃത്തിയാണ് ഇതിനോടകം പൂർത്തിയായത്.

കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി 14 കോടി രൂപ ചിലവിൽ യാഥാർത്ഥ്യമാക്കുന്ന പദ്ധതിക്ക് ടൂറിസം മേഖലയിൽ സമഗ്ര സംഭാവന നൽകാൻ സാധിക്കും. കർണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളിൽ നിന്നും ബേക്കലിൽ എത്തിച്ചേരാൻ എളുപ്പമുള്ള പാതയാകും ഇത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാർ,ബള്ളൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്കും, കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗമാകും.

ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ജനശ്രദ്ധയാകർഷിച്ച പാലത്തിന്റെ അടിഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പൺ എയർ സ്റ്റേജ്, ഫുഡ് കോർട്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, എന്നിവ ആദ്യഘട്ടത്തിലും, പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനായി ഗ്ലാസ് ബ്രിഡ്ജ് പദ്ധതി രണ്ടാം ഘട്ടമായും നിർമ്മിക്കുന്നത് ടൂറിസം വകുപ്പിന്റെ പരിഗണനയിലാണ്. എൻ.എച്ച് 66 പെരിയയിൽ എത്തുവാൻ ആവശ്യമായ 2.500 കി.മീ അഭിവൃത്തിപ്പെടുത്താനുള്ള ഫണ്ട് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടിന് ആയംകടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യന്ത്രി  നിർവ്വഹിക്കും.

റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യഅതിഥിയാകും. തിരുവനന്തപുരം ബ്രിഡ്ജസ് ചീഫ് എഞ്ചിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിക്കും. എം.എൽ.എ മാരായ എം. രാജഗോപാലൻ, എൻ.എ നെല്ലിക്കുന്ന്, എം.സി കമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു എന്നിവർ വിശിഷ്ടാതിഥികളാകും. കെ. കുഞ്ഞിരാമൻ എം എൽ എ സ്വാഗതവും കോഴിക്കോട് ബ്രിഡ്ജസ് നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ മിനി നന്ദിയും പറയും.