* കോടികളുടെ നിക്ഷേപം ഉറപ്പിക്കാനായി
കേരളത്തിന്റെ യുവജനതയെ മുന്നിൽ കണ്ടുകൊണ്ട് വിവിധ മേഖലകളിൽ ഗുണകരമാവുന്ന നിലയിലാണ് ജപ്പാൻ, കൊറിയ സന്ദർശനം പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തൻ വ്യവസായങ്ങൾ എന്നീ മേഖലകളിൽ വളർച്ചയുടെ അടുത്തപടിയിലേക്കു കടക്കുക എന്ന നിലയ്ക്കായിരുന്നു സന്ദർശനം.
ഉത്പാദനം വർധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുക എന്നതാണ് നിലപാട്. അങ്ങനയേ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുനയിക്കാനാവൂ. അതിന് ശാസ്ത്രസാങ്കേതികരംഗത്തെ വിജ്ഞാനങ്ങളെ ആകെ ഉൾക്കൊള്ളാൻ കഴിയണം. അവയെ നാടിന്റെ സവിശേഷതയ്ക്കനുസൃതമായി ഉത്പാദനരംഗത്ത് പ്രയോഗിക്കണം. ജപ്പാനും കൊറിയയും പോലുള്ള രാജ്യങ്ങൾ ശാസ്ത്ര സാങ്കേതിക രംഗത്തെ അറിവുകളെ ഉപയോഗിച്ച് വികസനത്തിന്റെ പല മേഖലകളിലും മുന്നോട്ടുപോയിട്ടുള്ളവരാണ്. പാരിസ്ഥിതിക സവിശേഷതകളെ ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകൾക്കു നൽകുന്ന സവിശേഷ പ്രാധാന്യം കേരളംപോലെ പ്രകൃതി ദുരന്തങ്ങൾ അലട്ടുന്ന പ്രദേശങ്ങൾക്ക് പ്രധാനമാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം (മെഡിക്കൽ എക്വിപ്മെന്റ്), ടൂറിസം, ഐ.ടി, ഭക്ഷ്യ സംസ്‌കരണം, മൽസ്യബന്ധനം, നൈപുണ്യ വികസനം, മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം എന്നീ മേഖലകൾക്കൊക്കെ ഗുണകരമാവുന്ന സന്ദർശനമാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
യുവാക്കൾക്ക് ഗുണകരമാകും
യാത്രയിലെ ഓരോ കൂടിക്കാഴ്ചയും യുവാക്കൾക്ക് ഗുണകരമാകുന്നു എന്നുറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കൾക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകൾ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ട്.
ജപ്പാൻ സന്ദർശനം
ഇപ്പോൾ തന്നെ കേരളത്തിൽ നിക്ഷേപിച്ച് വ്യവസായങ്ങൾ നടത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കേരളം ജാപ്പനീസ് നിക്ഷേപങ്ങൾക്കും വ്യവസായങ്ങൾക്കും വളരെ അനുയോജ്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അനുകൂലസാഹചര്യം ഫലവത്തായി പ്രയോജനപ്പെടുത്താനാണ് ജപ്പാനിലെ സന്ദർശങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ശ്രമിച്ചത്.
ചെറുകിട ഇടത്തര വ്യവസായങ്ങളുടെ കാര്യത്തിലും സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതനവ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുൻനിരയിലുള്ള രാജ്യവുമാണ് ജപ്പാൻ. ഇവ രണ്ടും കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കാനാണ് ശ്രമിച്ചത്.
ജപ്പാനിലെ ആദ്യ മീറ്റിംഗിൽ തന്നെ കേരളത്തിലേക്ക് ഇരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാനായി.
കേരളത്തിൽ നാല് പതിറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയമുള്ള നീറ്റ ജെലാറ്റിൻ അവരുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടി രൂപ കൂടി നിക്ഷേപിക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപസൗഹാർദ സാഹചര്യത്തിനുള്ള അംഗീകാരമാണ്.
ടെറുമോ കോർപറേഷൻ തിരുവനന്തപുരത്തുള്ള ടെറുമോ പെൻപോളിൽ 105 കോടി രൂപയുടെ നിക്ഷേപം നടത്താനും തീരുമാനിച്ചു. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തിൽ ഉത്പാദിപ്പിക്കാനാവുന്ന പദ്ധതിയാണിത്.
തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്‌സൈഡ് ബാറ്ററി സാങ്കേതികവിദ്യ കൈമാറ്റത്തിനു താത്പര്യപത്രം ഒപ്പുവെച്ചു. കേരളത്തിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായിചേർന്നു ഇത്തരം നൂതന ബാറ്ററി പാക്കിങ് യുണിറ്റ് തുടങ്ങാനാണ് ശ്രമിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഒരിടത്തും ഇത്തരം ബാറ്ററി നിർമ്മിക്കുന്ന ഫാക്ടറി ഇല്ല.
2022 ആവുമ്പോഴേക്കും കേരളത്തിൽ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ഇറക്കുകയാണ് നയം. സ്വിസ്സ് കമ്പനിയായ ഹെസ്സുമായി ചേർന്ന് ഇലക്ട്രിക് ബസ് നിർമിക്കുന്നുണ്ട്. അതിലും കൊച്ചി വാട്ടർ മെട്രോ ഉൾപ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളിലും എൽ.ടി.ഒ ഇലക്ട്രിക് ബാറ്ററി ഉപയോഗിക്കും.
വൈദ്യുതി വാഹനങ്ങൾക്കായി അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുള്ള പഠനം പൂർത്തിയാവുന്ന മുറയ്ക്ക് തോഷിബയുമായുള്ള കരാറിൽ തുടർനടപടികൾ ഉണ്ടാവും.
ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജൻ ഫ്യൂൽ സെൽ ഫാക്ടറി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചർച്ചകൾ നടന്നു. ഇതിനായി ഒരു ലെറ്റർ ഓഫ് ഇൻഡൻറ് ഒപ്പുവെക്കും. എറണാകുളത്തെ പെട്രോകെമിക്കൽ കോംപ്ലക്സിൽ ഒരു ലൂബ്രിക്കന്റ് ബ്ലെൻഡിങ് യൂണിറ്റ് സ്ഥാപിക്കാൻ ജിഎസ് കാൾടെക്സ് കോർപറേഷൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഐടിയിലും, ആയുർവേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപസാധ്യത നേരിട്ട് മനസ്സിലാക്കാൻ ജപ്പാനിലെ സനിൻ പ്രവിശ്യയിൽ നിന്നും അഞ്ചു മേയർമാർ അടങ്ങുന്ന സംഘം കേരളത്തിലേക്ക് വരുന്നുണ്ട്.
ടോക്കിയോയിൽ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തിൽ 150-ഓളം നിക്ഷേപകർ പങ്കെടുത്തു. നിർമാണം, വ്യാവസായിക അടിസ്ഥാന വികസനം, മാർക്കറ്റിങ് ഹബ്, ആരോഗ്യം, ടൂറിസം, എടി, ബയോ-ടെക്‌നോളജി, കാർഷിക വ്യവസായങ്ങൾ എന്നീ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ അവരെ ക്ഷണിച്ചു.
ഇവിടെ നിലവിൽ നിക്ഷേപം നടത്തിയ നിസാൻ, ഫ്രാസ്‌കോ ഉൾപ്പടെയുള്ള കമ്പനികൾ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ മതിപ്പോടെയാണ് കാണുന്നത്. ജപ്പാൻ എക്സ്റ്റേർണൽ ട്രേഡ് ഒരഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ- നൈപുണ്യ രംഗം
കേരളത്തിൽ നിന്നുമുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ ഒസാക്ക യൂണിവേഴ്സിറ്റിയിൽ നിന്നും സാൻഡ്വിച് കോഴ്സുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള താത്പര്യം അവർ അറിയിച്ചിട്ടുണ്ട്.
ഷിമാനെ യൂണിവേഴ്സിറ്റി കുസാറ്റുമായി ചേർന്ന് നാല് പ്ലസ് രണ്ട് വർഷത്തിന്റെ രണ്ടു യുണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്സ് ആരംഭിക്കാനും തീരുമാനമായി. കേരളത്തിൽ ആറു മാസം, ജപ്പാനിൽ ആറു മാസം, എന്ന തരത്തിൽ വരുന്ന ഒരു വർഷത്തെ ബിരുദാനന്തര സർട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേർന്ന് ആരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കാനും ധാരണയായി. കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളുമായും സമാന കോഴ്‌സുകൾ തുടങ്ങുന്നതിനെപ്പറ്റി ഷിമനെ യൂണിവേഴ്സിറ്റി ചർച്ച ചെയ്യും.
ഷിമാനെ യൂണിവേഴ്സിറ്റിയിൽ യുനെസ്‌കോയുടെ ഭൂ-പരിസ്ഥിതി ദുരന്തലഘൂകരണ ചെയർ പ്രൊഫ: ഫാവു വാങിന്റെ സഹായത്തോടെ കേരളത്തിലും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ശേഷി വികസനം നടത്തും.
കേരളത്തിന്റെ രണ്ടു കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ജാപ്പനീസ് ഭാഷാ കോഴ്സ് തുടങ്ങാൻ അസോസിയേഷൻ ഫോർ ഓവർസീസ് ടെക്‌നിക്കൽ സ്‌കോളർഷിപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കൊറിയൻ സന്ദർശനം
സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുൻ നിരയിലുള്ള രാജ്യമാണ് ജപ്പാനെ പോലെ തന്നെ കൊറിയയും. കേരളത്തെ കൊറിയയ്ക്കു പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് കൊറിയൻ യാത്രയിൽ ഏറ്റെടുത്തത്.
സമുദ്രോത്പദന-ഭക്ഷ്യസംസ്‌കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താൻ കൊറിയ ഫുഡ് ഇൻഡസ്ടറി ഡെവലപ്മെന്റ് അസോസിയേഷൻ (ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുടെ തലവന്മാരുടെ ഒരു സംഘത്തെ) കേരളത്തിലേക്ക് അടുത്ത മാസത്തോടെ അയക്കും. കൊറിയ ട്രേഡ് ഡെവലപ്മെന്റ് അസോസിയേഷനും ഭക്ഷ്യ സംസ്‌കരണ രംഗത്ത് നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചേർത്തലയിലെ സമുദ്രോത്പന്ന സംസ്‌കരണ മേഖല സന്ദർശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കാനും തുടർന്ന് കയറ്റുമതി നടത്താനും കൊറിയ ഇമ്പോർട്ടേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയുടെ ചേർത്തല ഫുഡ് പാർക്കിൽ ഒരു ടെസ്റ്റ് സെന്റർ തുടങ്ങാനും ഇവർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിൽ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾ വിയറ്റ്‌നാം വഴിയാണ് പോവുന്നത്, ടെസ്റ്റ് സെന്റർ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്താൻ കഴിയും.
ഹ്യുണ്ടായിയുടെ വാഹന പാർട്സ് സപ്ലയറായ എൽകെ ഹൈ-ടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കാൻ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഐടി, എൽ.ഇ.ഡി നിർമ്മാണം, ഓട്ടോമൊബൈൽ കംപോണേന്റ്സ്, ഭക്ഷ്യ സംസ്‌കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, സപ്ലെ ചെയിൻ തുടങ്ങിയ മേഖലകളിലിൽ നിക്ഷേപിക്കാനാണ് കൊറിയയിൽ നിന്നും നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചത്.
വിദ്യാഭ്യാസ നൈപുണ്യ രംഗത്ത് കേരളത്തിലെ ഫിഷറീസ് യൂണിവേഴ്‌സിറ്റിയും ഫുഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കുവാൻ പോകുന്ന വേൾഡ് ഫിഷറീസ് യുണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുക്യോങ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു കേരളത്തിലെ മത്സ്യതൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഒരു ട്രെയിനിങ് പ്രോഗ്രാം തയ്യാറാക്കും. ആയുർവേദ രംഗത്തും സഹകരിക്കാനുള്ള താത്പര്യം പുക്യോങ് യൂണിവേഴ്സിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്.
ബുസാൻ പോർട്ട് അതോറിറ്റി നമ്മുടെ പോർട്ട് ഓഫിസർമാരെ പരിശീലിപ്പിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ തുറമുഖങ്ങളും ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സഹകരിച്ചു പ്രവർത്തിക്കാൻ ധാരണാപത്രം ഒപ്പുവെക്കാനും തീരുമാനിച്ചു.
ബുസാനിലും സോളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകളിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കുന്നത് എന്നും മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതു എങ്ങനെ എന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കേരളത്തിൽ പ്രയോജനപ്പെടുത്താവുന്ന മാതൃകകളാണ് അവിടെ കണ്ടത്.
സെമി ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ടു ജൈക്ക (ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി) യുമായും ഹ്യുണ്ടായിയുമായും കൂടിയാലോചന നടത്തി. ഇരുവരും സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ ‘അസെൻഡ് 2020’ ജനുവരിയിൽ നടത്തുകയാണ്. അതിലേക്ക് ജപ്പാനിലെയും കൊറിയയിലെയും കമ്പനികളെയും സർക്കാർ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.
മികച്ച ക്രമസമാധാനം, ഉയർന്ന ജീവിത നിലവാരം, ആധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്ന ജനത, അഴിമതിയില്ലാത്ത സുസ്ഥിരമായ സർക്കാർ തുടങ്ങിയവയൊക്കെയാണ് കേരളത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ജപ്പാനെയും കൊറിയയെയും ഒക്കെ പ്രേരിപ്പിക്കുന്നത്. ആ രാജ്യങ്ങളുമായുള്ള സഹകരണം കേരളത്തിന്റെ വികസനത്തിനും നമ്മുടെ ഭാവി തലമുറയുടെ വളർച്ചയ്ക്കും ഏറെ ഉപകാരപ്രദമാകും എന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.