കരട് നയത്തിന്മേലുള്ള ചര്‍ച്ച മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കേരളത്തില്‍ രൂപീകരിക്കാനുദ്ദേശിക്കുന്ന കരിയര്‍ നയത്തിന്റെ കരട് രേഖയിന്‍മേലുള്ള ചര്‍ച്ചയ്ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ഏകദിന ശില്പശാല തൊഴില്‍വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും നേടുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരിയര്‍ നയം രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതു തലമുറയുടെ അറിവും സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ കരിയര്‍ നയം വഴി സാധിക്കും. വ്യക്തിത്വവികസനവും നൈപുണ്യശേഷിയുമാണ് ഇന്നത്തെ തൊഴില്‍മേഖലയുടെ ആവശ്യം. ഇതിന് യൂവാക്കളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളാണ് തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നത്.
ഇന്ന് സംസ്ഥാനത്ത് ലഭ്യമായിക്കൊണ്ടിരിക്കുന്ന കരിയര്‍ ഡവലപ്‌മെന്റ് സേവനങ്ങള്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ അനന്തസാധ്യതകള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നു. തൊഴില്‍പരിശീലനരംഗത്തും നൈപുണ്യശേഷി വികസനത്തിലും സര്‍ക്കാര്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ആരംഭിക്കുന്നതും ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ എന്ന നൂതന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ആദ്യത്തെ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് തുടങ്ങിയത്. തുടര്‍ന്ന് ചിറ്റൂര്‍, നെയ്യാറ്റിന്‍കര, പാലോട്, കായംകുളം, എന്നിവിടങ്ങളിലും സെന്റര്‍ തുടങ്ങി. അടൂര്‍, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സെന്റര്‍ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനെ സംസ്ഥാന നൈപുണ്യവികസന മിഷനായി പ്രഖ്യാപിച്ചു. ചവറയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ആരംഭിച്ചു. 17 പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകളും ഈ കാലയളവില്‍ ആരംഭിച്ചു.
സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തി വരുന്നു. എല്ലാവര്‍ക്കും ഇരിപ്പിടം അവകാശമാക്കാനും സാധിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിവസരങ്ങള്‍ക്ക് തൊഴില്‍മേളകള്‍ സംഘടിപ്പിച്ചതായും മന്ത്രി വിശദീകരിച്ചു. കരിയര്‍ വികസന പദ്ധതിയുടെ പ്രയോജനം ഗ്രാമീണ മേഖലയ്ക്ക് കൂടി ലഭ്യമാക്കാനും തൊഴില്‍പരവും വ്യക്തിപരവുമായ വികാസം ഏവര്‍ക്കും ഉറപ്പു വരുത്താനും കരിയര്‍ നയത്തിലൂടെ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ശില്പശാലയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ കരട് കരിയര്‍ നയം പ്രഖ്യാപിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതിനായി സ്വീകരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം കരിയര്‍ നയം രൂപീകരിക്കുന്നത്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ചെയര്‍മാന്‍ വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ. എസ്. ശബരീനാഥന്‍ എം. എല്‍.എ., തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് (കേരള) ഡയറക്ടര്‍ ചന്ദ്രശേഖര്‍ എസ്., കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. ഷജീന തുടങ്ങിയവര്‍ സംബന്ധിച്ചു. ജോര്‍ജ് കെ. ആന്റണി (കിലെ), കെ. എസ്. ശബരീനാഥന്‍ എം. എല്‍. എ., സത്യജീത് രാജന്‍,( അഡീ. ചീഫ് സെക്രട്ടറി), എന്‍. പി. ചന്ദ്രശേഖരന്‍(കൈരളി), ജെ. പ്രസാദ് (എസ്. സി. ഇ. ആര്‍.ടി), അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവരായിയരുന്നു മോഡറേറ്റര്‍ പാനല്‍ അംഗങ്ങള്‍. ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, കരിയര്‍ വിദഗ്ധര്‍, യുവജന പ്രതിനിധികള്‍, വിദ്യാര്‍ത്ഥി-യുവജന സംഘടനാനേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസസും(കേരള) സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.