ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 75 കുടുംബങ്ങൾ കൂടി ലൈഫിന്റെ തണലിലേക്ക്

വികസന കാര്യത്തിൽ മൂന്നര വർഷം കൊണ്ട് സംസ്ഥാനത്തുണ്ടായ മാറ്റം വിസ്മയിപ്പിക്കുന്നതാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി നീക്കിവയ്ക്കുന്ന പണം പൂർണമായും വിനിയോഗിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ളിയേരിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും സ്നേഹനാണയം പദ്ധതി സഹായ വിതരണോദ്ഘാടനവും ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഷികാഘോഷ ചടങ്ങിന്റ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിൽ എല്ലാവർക്കും സ്വന്തമായി വീട് ഉള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ്മിഷന് രൂപം നൽകിയത്. 1.38 ലക്ഷത്തോളം കുടുംബങ്ങൾക്ക് സ്വന്തം വീട് ലഭിച്ചു. ഒരുലക്ഷത്തിലേറെ വീടുകളുടെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2020 ഓടെ ഈ വീടുകൾ ഗുണഭോക്താക്കളെ ഏൽപ്പിക്കുകയാണ് ലക്ഷ്യം. ഭൂമിയും വീടും ഇല്ലാത്തവർക്ക് ഭവന സമുച്ചയങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. 56 ഭവന സമുച്ചയങ്ങളുടെ ടെൻഡർ നടപടികൾ ആണ് പുരോഗമിച്ചു വരുന്നത്. പുറമ്പോക്കുകളിലും മറ്റും കഴിയേണ്ടിവരുന്നവരെ കൂടി നാടിന്റെ വികസന പ്രക്രിയയയുടെ ഭാഗമാക്കിയാൽ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നും അതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിൽ നിർമിക്കുന്ന 150 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 285 റോഡുകളാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പഞ്ചായത്തിൽ നിർമ്മിച്ചത്.

ഉള്ളിയേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം. എൽ. എ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച 75 വീടുകളുടെ താക്കോൽ ചടങ്ങിൽ കൈമാറി.
82 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. മൂന്ന് കോടി രൂപയോളം ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വ്യാപാരസ്ഥാപനങ്ങൾക്കുള്ള സ്നേഹനാണയ ബോക്സ്‌ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലരിക്കൽ കൈമാറി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. സവിത റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി. ഇ. ഒ സബിത ഒ. കെ ലൈഫ് ഭവന പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷാജു ചെറുക്കാവിൽ, വൈസ് പ്രസിഡന്റ്‌ ചന്ദ്രിക പൂമഠത്തിൽ, ജില്ലാപഞ്ചായത്ത് മെമ്പർ എ. എം വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം വിലാസിനി പരപ്പിൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ജമീല കക്കഞ്ചേരി, കെ. കെ ഷൈമ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷാജി പാറക്കൽ, ബിന്ദു കളരിയുള്ളതിൽ, സി. കെ രാമൻ കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് പുതുക്കേമ്പുറം, സ്നേഹ നാണയം കൺവീനർ ഭാസ്കരൻ കിടാവ് തുടങ്ങിയവർ പങ്കെടുത്തു.

അവശത അനുഭവിക്കുന്നവർക്കായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ സ്നേഹ നാണയം

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ നിർധനരും നിരാലംബരുമായ ആളുകൾക്ക് ചികിത്സയ്ക്കും മരുന്നിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ജനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ നാണയം. ഒരു കുടുംബം ഓരോ ദിവസവും ഒരു രൂപ വീതം ഈ പദ്ധതിയ്ക്കായി നൽകണം. ഓരോ വീടുകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന പണം  മാസത്തിൽ ഒരു ദിവസം വളണ്ടിയർമാർ ശേഖരിച്ച് വീട്ടുകാർക്ക് രസീറ്റ് നൽകും. ഈ പണം പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക ദുരിതാശ്വാസ അക്കൗണ്ടിൽ നിക്ഷേപിക്കും.
ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലും പഞ്ചായത്ത് തലത്തിലും പൊതുപ്രവർത്തകർ ഉൾപ്പെടുന്ന ജനകീയസമിതിക്കാണ് ഫണ്ട്‌ പ്രവർത്തനത്തിന്റെ ചുമതല.

വിവിധ കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്നവർ വാർഡ് കൗൺസിലർക്കോ ചെയർമാനോ അപേക്ഷ സമർപ്പിക്കണം. വാർഡുതല കമ്മിറ്റി അപേക്ഷ പരിശോധിച്ച് ശുപാർശയോടു കൂടി പഞ്ചായത്ത് തല കമ്മിറ്റിക്ക് സമർപ്പിക്കും. ഫണ്ടിന്റെ ലഭ്യതയും അപേക്ഷകന്റെ ആവശ്യകതയും പരിശോധിച്ച് അർഹതപ്പെട്ടവർക്ക് മരുന്നായോ ചെക്ക് മുഖേനെയുള്ള സാമ്പത്തിക സഹായമോ നൽകുന്നതാണ് സ്നേഹനാണയം പദ്ധതി.