കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം. ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസിദാസ്, ദക്ഷിണ വ്യോമസേന കമാണ്ടന്റ് എയര്‍ മാര്‍ഷല്‍ അമിത് തിവാരി, കിയാല്‍ ഡയറക്ടര്‍ ഹസ്സന്‍ കുഞ്ഞി, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട,് എയര്‍പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(എഞ്ചിനിയര്‍) കെ പി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഷികത്തിന്റെ ഭാഗമായി അനാഥാലയത്തിലെ കുട്ടികള്‍ക്കായി ഒരുക്കിയ വിമാനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് അന്താരാഷ്ട്ര ടെര്‍മിനലിലെ ആര്‍ട്ട് ഗ്യാലറി, യാത്രക്കാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ലോഞ്ച്, വിനോദ സഞ്ചാര വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗജന്യ വൈ ഫൈ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സിഐഎസ്എഫ് ജവാന്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ വരവേറ്റത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സംഗീത പരിപാടികള്‍ വിമാനത്താവളത്തിലും പുറത്തുമായി ഒരുക്കിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനദിവസം അബൂദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്തവരെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. കേരളാ ടൂറിസം വകുപ്പിന്റെ കീഴില്‍ ആഭ്യന്തര ടെര്‍മിനലിലും രാജ്യാന്തര ടെര്‍മിനലിലുമുള്ള ആഗമന ഹാളിലാണ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉത്തരമലബാറില്‍ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചും ടൂറിസ്റ്റുകള്‍ക്കാവശ്യമായ മറ്റ് വിവരങ്ങളും ലഭ്യമാക്കുകയാണ് കേന്ദ്രങ്ങളുടെ ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങില്‍ ടൂറിസം ജോയിന്റ് ഡയരക്ടര്‍ സി എന്‍ അനിത കുമാരി, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ പി മുരളീധരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.