* ടി.ബി സീല്‍ വില്‍പനോദ്ഘാടനം നിര്‍വഹിച്ചു
2020 ഓടെ കേരളത്തെ സമ്പൂര്‍ണ ക്ഷയരോഗവിമുക്തമാക്കാനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഗവര്‍ണര്‍ പി. സദാശിവം അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ടൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് കേരളയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 68 ാമത് ടി.ബി സീല്‍ വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകമാകെ റിപ്പോര്‍ട്ടുചെയ്യുന്ന ക്ഷയരോഗ കേസുകളില്‍ 27 ശതമാനം ഇന്ത്യയിലാണ്. അതേസമയം, കേരളത്തിലാണ് ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. 2009ല്‍ 27,000 കേസുകളുണ്ടായിരുന്നത് 20,000 ആയി കുറയ്ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പ്രത്യേക യജ്ഞം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ടാസ്‌ക് ഫോഴ്‌സുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. ഉന്നത നിലവാരമുള്ള ആധുനിക ചികിത്‌സ എല്ലാ ക്ഷയരോഗികള്‍ക്കും സൗജന്യമായി നല്‍കണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇതിനായുള്ള ടി.ബി സീല്‍ വില്‍പനയിലൂടെ ടൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് കേരളയും സാമ്പത്തികപിന്തുണ നല്‍കും. ഓരോ ജില്ലയില്‍നിന്നും ഒന്നരലക്ഷം രൂപ വീതം വില്‍പനയിലൂടെ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി ടി.ബി സീല്‍ സ്റ്റാമ്പുകള്‍ വാങ്ങി കേരളജനത പിന്തുണ നല്‍കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അധ്യക്ഷത വഹിച്ചു. സംസ്ഥാന ടി.ബി ഓഫീസര്‍ ഡോ. എം. സുനില്‍കുമാര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. എം.ബി. സിന്ധു, ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.