കൊല്ലം: പ്രവർത്തന മികവിന്റെ അംഗീകാര മുദ്രയായ ഐ എസ് ഒയുടെ തിളക്കത്തിലാണ് കരുനാഗപ്പള്ളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. സംസ്ഥാനത്ത് ആദ്യമായാണ് എസ്.പി.സി യൂണിറ്റിന് ഇങ്ങനെ അംഗീകാരം ലഭിക്കുന്നത്. മികച്ച എസ്.പി.സി യൂണിറ്റിനുള്ള അംഗീകാരവും മികച്ച സി.പി.ഒയ്ക്കുള്ള പുരസ്‌കാരവുമാണ് നേടാനായത്.

ട്രാഫിക് ബോധവത്കരണ-നിയന്ത്രണം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, താലൂക്കാശുപത്രിയിൽ ഭക്ഷണ വിതരണം, ശെന്തുരുണി വനമേഖലയിൽ പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനം, നിർധനരായ സഹപാഠികൾക്ക് നൽകുന്ന സഹായം, പൊലീസ് സ്റ്റേഷൻ വളപ്പിലെ കരനെൽകൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയത്. എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. അലർട്ട് എന്ന മാഗസിനും ഇവർ പുറത്തിറക്കുന്നു.

വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കുട്ടികളുടേതെന്ന് ഡ്രിൽ ഇൻസ്ട്രക്ടറായ കരുനാഗപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ. ജി. ഉത്തരകുട്ടൻ പറഞ്ഞു. വനിത ഡ്രിൽ ഇൻസ്ട്രക്ടറായ സിവിൽ പോലീസ് ഓഫീസർ ഉഷാകുമാരി, മികച്ച എസ്.പി.ഒ യ്ക്കുള്ള അവാർഡ് നേടിയ അധ്യാപിക ജി. ശ്രീലത, എസ്.പി.ഒ അധ്യാപകനായ അജിത് തുടങ്ങിയവരാണ് കുട്ടിപ്പൊലീസ് സംഘത്തെ നയിക്കുന്നത്.