ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം-ലക്ഷദീപം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും തിരക്ക് നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങളൊരുക്കാനും വിവിധ വകുപ്പുകൾക്ക് യോഗം നിർദേശം നൽകി. ജനുവരി 15നാണ് മുറജപ ആഘോഷങ്ങൾക്ക് സമാപനമാകുന്നതും ലക്ഷദീപം തെളിക്കുന്നതും.
ലക്ഷദീപ ദിവസം ശീവേലിദർശനം പാസ് മൂലം നിയന്ത്രിക്കാനും ആറുമണിക്ക് ശേഷം പാസില്ലാത്ത ഭക്തർക്ക് ബാരിക്കേഡ് ക്രമീകരണത്തിലൂടെ പ്രവേശിച്ച് തിരിച്ചിറങ്ങാനും സൗകര്യമൊരുക്കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിക്കാൻ പോലീസ് അധികൃതർക്ക് നിർദേശം നൽകി. സ്പെഷ്യൽ ക്യൂവിലൂടെ ഭക്തജനങ്ങൾക്ക് പ്രവേശനം ക്രമാനുഗതം നൽകാൻ സഹായിക്കണം. കലാസാംസ്‌കാരിക പരിപാടികൾക്ക് എത്തുന്ന കലാകാരൻമാർക്ക് സുരക്ഷ ഉറപ്പാക്കണം. ക്ഷേത്രനടകളിലുള്ള റോഡുകൾ വഴി ഫയർ എൻജിൻ തടസ്സമില്ലാതെ പോകുന്നതിന് സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചു. പാർക്കിംഗ് സൗകര്യമൊരുക്കാൻ 27 സ്ഥലങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
കോട്ടയ്ക്കകം ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ക്ഷേത്രത്തിനു ചുറ്റുവട്ടത്തെ റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം തീർക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. പാർക്കിംഗ് സംവിധാനത്തിന് ക്ഷേത്രത്തിനു ചുറ്റും വകുപ്പിന്റെ അധീനതയിലുള്ള റോഡുകളിലെ ലഭ്യമായ സ്ഥലം ഏർപ്പാടാക്കാൻ അനുമതി നൽകണം.
ക്ഷേത്രത്തിനു ചുറ്റുവട്ടത്ത് ലക്ഷദീപത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ വെള്ളം മുടക്കമില്ലാതെ ലഭ്യമാക്കാനും ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പാക്കാനും ജല അതോറിറ്റിക്ക് നിർദേശം നൽകി. മെഡിക്കൽ ടീമിന്റെയും ആംബുലൻസിന്റെയും സേവനം ആരോഗ്യവകുപ്പ് ലഭ്യമാക്കും.
തിരുവനന്തപുരം കോർപറേഷൻ പാർക്കിംഗ് സംവിധാനം ക്രമീകരിക്കാൻ ഏകോപനം നടത്തും. ക്ഷേത്രപരിസരത്തെ റോഡുകളിലും നടപ്പാതകളിലും അനധികൃത കച്ചവടം ഒഴിപ്പിക്കും. പുത്തരിക്കണ്ടം മൈതാനം പാർക്കിംഗിനു ലഭ്യമാക്കാൻ നിർദേശം നൽകി. കിഴക്കേനടയിലും കോട്ടയ്ക്കകത്തും മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യാൻ നടപടിയെടുക്കണമെന്നും നിർദേശിച്ചു. മറ്റുവകുപ്പുകളും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താനും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്
യോഗത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, കൗൺസിലർ ആർ. സുരേഷ്, രാജകൊട്ടാരം പ്രതിനിധി ആദിത്യ വർമ, പോലീസ്, റവന്യൂ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.