ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി 

ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 2019ലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡുകൾ വിതരണം ചെയ്യുന്ന ‘സമർപ്പണം 2019’ ചടങ്ങ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സമൂഹത്തിന്റെയാകെ കൂട്ടായ പരിശ്രമം വേണം. കേരളത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കുകയാണ് ലക്ഷ്യം. സ്‌കൂൾപ്രവേശനം മുതൽ ജോലി നേടുന്ന ഘട്ടം വരെ സർക്കാർ ഭിന്നശേഷിക്കാരുടെ ഒപ്പം നിൽക്കുകയാണ്. കുഞ്ഞുനാൾ മുതൽ ശാരീരിക പരിമിതികൾ കണ്ടെത്താനും സഹായം എത്തിക്കാനും സംവിധാനമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ചവരെയാണ്  ഭിന്നശേഷിക്കാർക്കുള്ള റിസോഴ്സ് അധ്യാപകരായി നിയോഗിച്ചിരിക്കുന്നത്. കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. നീതിപൂർവവും ഗുണമേൻമയുള്ളതുമായ വിദ്യാഭ്യാസം നൽകാനാണ് ശ്രമം.

പൊതുവിദ്യാഭ്യാസത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് ഇതിന്റെ തെളിവാണ്. ഒന്നരലക്ഷത്തോളം കുട്ടികളാണ് ഇത്തരത്തിലുള്ളത്. 16,000 ഓളം പേർക്ക് അധ്യയനവർഷാരംഭത്തിൽതന്നെ സഹായ ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ എത്തിക്കാൻ സാധ്യമായ ഉൾച്ചേർക്കലിനാണ് സർക്കാർ നടപടിയെടുക്കുന്നത്.
25 ഓളം പദ്ധതികളാണ് ഇത്തരക്കാർക്കായി സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്നത്. വിനോദസഞ്ചാരമേഖലയിൽ ആദ്യ ഭിന്നശേഷി സൗഹൃദസംസ്ഥാനമാണ് കേരളം. സർക്കാർ നിയമനങ്ങളിൽ മൂന്നു ശതമാനത്തിൽ നിന്ന് നാലുശതമാനമാക്കി ഭിന്നശേഷി സംവരണം ഉയർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ഭിന്നശേഷി അവാർഡ് സംസ്ഥാനത്തിന് സമർപ്പിക്കൽ, സംസ്ഥാന ഭിന്നശേഷി അവാർഡ് വിതരണം, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എൽ.എൽ.സി.യ്ക്കുള്ള ആദരം എന്നിവ മുഖ്യമന്ത്രി നിർവഹിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കുള്ള സംസ്ഥാന അവാർഡാണ് മുഖ്യമന്ത്രി സമ്മാനിച്ചത്.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശുഭയാത്ര ട്രൈ സ്‌കൂട്ടർ വിതരണം മന്ത്രി നിർവഹിച്ചു. മൂന്നുവർഷം കൊണ്ട് ഭിന്നശേഷി ശാക്തീകരണത്തിന്റെ കാര്യത്തിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.
വിജയാമൃതം, സഹചാരി പദ്ധതികളുടെ വിതരണ ഉദ്ഘാടനവും ഐ.ഇ.സി.കളുടെ പ്രകാശനവും ടെലി റീഹാബ് യൂണിറ്റ് സമാരംഭവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. പാർശ്വവത്കരണമില്ലാത്ത ജനതയെ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയാണ് കേരളം രാജ്യത്തിനുമുന്നിൽ ഉയർന്നുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നമായ ശേഷി ഏതെന്ന് കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

വൈകല്യത്തോടു പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയോ വീട്ടിലിരുന്നോ പഠിച്ച് ഡിഗ്രി/തത്തുല്യ കോഴ്‌സുകൾ, പി.ജി/പ്രൊഫഷണൽ കോഴ്‌സുകൾ എന്നീ തലത്തിൽ ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രോത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്ന പദ്ധതിയാണ് ‘വിജയാമൃതം’. പരസഹായം ആവശ്യമായ 40 ശതമാനത്തിനുമുകളിൽ വൈകല്യമുള്ള കുട്ടികളെ പഠനത്തിലും മറ്റു കാര്യങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തിനെ/എൻ.എസ്.എസ്/എൻ.സി.സി/എസ്.പി.സി യൂണിറ്റിനെ ആദരിക്കുന്ന പദ്ധതിയാണ് ‘സഹചാരി’.

മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണർ ഡോ: ജി. ഹരികുമാർ, ആസൂത്രണ ബോർഡംഗം ഡോ: മൃദുൽ ഈപ്പൻ, വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ: പരശുവയ്ക്കൽ മോഹൻ, കൗൺസിലർ ഐഷാ ബേക്കർ, സാമൂഹ്യ ഡയറക്ടർ ഷീബാ ജോർജ്ജ്, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, വികലാംഗക്ഷേമ കോർപറേഷൻ എം.ഡി കെ. മൊയ്തീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരമാണ് കേരളം കൈവരിച്ചത്. കേരളത്തിൽ നിന്നും വിവിധ വിഭാഗങ്ങളിലായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതിന് മുമ്പ് അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ആദ്യമായാണ് ലഭിച്ചത്. ‘സമർപ്പണം 2019’ നോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും മജീഷ്യൻ പ്രൊഫ: ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ സ്പീച്ചും സംഘടിപ്പിച്ചു.