കൊച്ചി: കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘പാഠം ഒന്ന് പാടത്തേയ്ക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ വിദ്യാലയ മുറ്റത്ത് നെൽകൃഷി ചെയ്തിരിക്കുകയാണ്. മനുപ്രിയ എന്ന നെല്ലിനമാണ് ഇവിടെ കൃഷി ചെയ്യുന്നത്.

പുതുതലമുറയെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കാനും കൃഷി പാഠ്യ വിഷയമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നെല്ലിന്റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. നിലമൊരുക്കൽ മുതൽ വിളവെടുപ്പു കാലം വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ ഇതിലൂടെ കഴിഞ്ഞു. ‘നെല്ല് നമ്മുടെ അന്നം’ എന്ന മുദ്രാവാക്യത്തിലൂന്നി കുരുന്നുകൾ പ്രതിഞ്ജ ചൊല്ലി.

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സംസ്കാരം പുതുതലമുറയിലൂടെ ജീവിതത്തിന്റെ ഭാഗമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൃഷിയിൽ നിന്നും കാർഷിക സംസ്കാരത്തിൽ നിന്നും പുതുതലമുറ അകന്നു പോകുന്നുവെന്ന ആശങ്ക ഉയർന്നു വരുന്ന കാലഘട്ടത്തിലാണ് ഇത്തരം പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. ഈ മാസം 17 ന് നടക്കുന്ന വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ ഹരിത കേരള മിഷൻ ഈ സ്കൂളിനെ പറവൂർ നിയോജക മണ്ഡലത്തിലെ ആദ്യ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.

കുരുന്നുകളുടെ പരിപാലനത്തിലൂടെ നൂറുമേനി വിളവെടുപ്പിനായി വിദ്യാലയ മുറ്റത്തെ നെൽകൃഷി ഒരുങ്ങുകയാണ്.
സ്കൂൾ പി.ടി.എ യുടെയും പ്രധാന അധ്യാപികയായ വോൾഗ ടീച്ചറുടെയും നേതൃത്വത്തിലാണ് കൃഷി ഒരുക്കിയത്. മറ്റ് അധ്യാപകരുടെയുടെയും രക്ഷാകർത്താക്കളുടെയും വടക്കേക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും സഹായ സഹകരണവും കൃഷിക്ക് ലഭിച്ചിട്ടുണ്ട്. പഠനത്തിനിടയിലും കരയിൽ കനകം വിളയിച്ചതിന്റെ നൂറുമേനി സന്തോഷത്തിലാണ് ഇപ്പോൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ.