സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കമായി.  കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയമാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് മന്ത്രി പറഞ്ഞു. ഭാഗ്യക്കുറി വിറ്റ് ഉപജീവനം തേടുന്നവരും പ്രതീക്ഷയോടെ അവ വാങ്ങുന്നവരിലേറെയും പാവപ്പെട്ടവരാണ്. ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ കോടിക്കണക്കിന് രൂപ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റി വയ്ക്കുന്നു-മന്ത്രി ചൂണ്ടിക്കാട്ടി.
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി. രാജേന്ദ്രബാബു മുതിര്‍ന്ന ഏജന്റുമാരെ ആദരിച്ചു. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം എം. മുകേഷ് എം.എല്‍.എ വിതരണം ചെയ്തു.
ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടര്‍ ജി. ഗീതാദേവി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഡി.എസ്. മിത്ര നന്ദിയും പറഞ്ഞു.