ഔദ്യോഗികഭാഷയുടെ ഭാഗമായി ഉപയോഗിക്കുന്ന പദങ്ങള്‍ കാലോചിതമായിരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മറ്റു ഭാഷാ പദങ്ങളെ മലയാള ഭാഷ ഉള്‍ക്കൊള്ളുന്നുണ്ട്. ഇങ്ങനെ അന്യഭാഷകളില്‍നിന്നുള്ള ധാരാളം വാക്കുകള്‍ മലയാളത്തിന്റേതായി മാറുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അശാസ്ത്രീയമായ മലയാളീകരണത്തിന് വിധേയമാകുന്നതിന് പകരം കാലോചിതമായ നവീകരണത്തിലൂടെ ഭാഷയെ എല്ലാവര്‍ക്കും പ്രാപ്യമാക്കുകയാണ് വേണ്ടത്. ഭരണത്തിന്റെ സമസ്ത മേഖലകളിലും മാതൃഭാഷ ഉപയോഗിക്കണം. മലയാളത്തില്‍ സംസാരിക്കുന്നത് കുറച്ചിലാണെന്ന തെറ്റിധാരണ മാറണം-മന്ത്രി പറഞ്ഞു.
ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാഷാവിദഗ്ധന്‍ ആര്‍. ശിവകുമാര്‍ വിഷയം അവതരിപ്പിച്ചു. ഭരണഭാഷാ മാര്‍ഗരേഖകളെക്കുറിച്ച് ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ആര്‍.എച്ച് ബൈജു വിശദമാക്കി. എ.ഡി.എം കെ.ആര്‍ മണികണ്ഠന്‍ സ്വാഗതവും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍.എസ് റാണി നന്ദിയും പറഞ്ഞു. എ. ഷിഹാബുദ്ദീന്‍ ഏകോപനം നിര്‍വഹിച്ചു.