ദുരിതങ്ങള്‍ വിട്ടൊഴിയാത്ത ജീവിതത്തില്‍ അനുവദിച്ചു കിട്ടിയ ധനസഹായത്തിനും തടസ്സം നേരിട്ട പുനലൂര്‍ കരവാളൂര്‍ സ്വദേശി ശെല്‍വന്‍ ഒടുവിലെത്തിയത് ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികയേന്റെ മുന്നില്‍. പുനലൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തായ സമാശ്വാസം – 2018 ലാണ് റേഷന്‍ കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലായതിനാല്‍ കാരുണ്യ ചികിത്സാ സഹായം നിഷേധിക്കപ്പെട്ട പരാതി ശെല്‍വന്‍ നല്‍കിയത്. വൃക്കരോഗിയായ ഭാര്യ ജോയ്‌സമ്മയ്ക്ക് അടുത്തിടെ കാഴ്ച പൂര്‍ണമായി നഷ്ടമായതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുടുംബം ദാരിദ്രരേഖയ്ക്ക് താഴെയാണെന്ന് ബോധ്യമായതോടെ ബി. പി. എല്‍. റേഷന്‍ കാര്‍ഡ് അനുവദിക്കാനും കാരുണ്യ ചികിത്സാ പദ്ധതി പ്രകാരമുള്ള ധനസഹായം ലഭ്യമാക്കാനും ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍ തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന പുനലൂര്‍ സ്വദേശി എസ്. സുജാതയ്ക്കും സമാശ്വാസത്തിന്റെ കൈത്താങ്ങ് ലഭിച്ചു. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അര്‍ഹതയുണ്ടെങ്കില്‍ ഇവര്‍ക്ക് കിടപ്പാടം അനുവദിക്കാനാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്.
അഞ്ചല്‍ സ്വദേശി ലീജയും വീടെന്ന സ്വപ്നമാണ് ജില്ലാ കളക്ടറുടെ മുന്നില്‍ അവതരിപ്പിച്ചത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്റെ പരിമിത വരുമാനംകൊണ്ട് രണ്ടു മക്കള്‍കൂടി ഉള്‍പ്പെട്ട കുടുംബം പോറ്റാനും വീട്ടുവാടക നല്‍കാനും ക്ലേശിക്കുന്ന ഇവരെയും അര്‍ഹത പരിശോധിച്ച് ലൈഫ് പദ്ധതിയില്‍ പരിഗണിക്കാന്‍ നിര്‍ദേശമുണ്ടായി.
അര്‍ബുദ ബാധിതയായ ഭാര്യയുടെ ചികിത്സയെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ചണ്ണപ്പേട്ട സ്വദേശി ജോര്‍ജ് വായ്പയ്ക്ക് പലിശ ഇളവെങ്കിലും നല്‍കണമെന്ന് അപേക്ഷയാണ് സമര്‍പ്പിച്ചത്. വായ്പാ പലിശ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആകെ 288 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇവയില്‍ 115 എണ്ണം തത്സമയം തീര്‍പ്പാക്കി. ശേഷിക്കുന്ന 173 പരാതികള്‍ തുടര്‍നടപടി സ്വീകരിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. സുകു, ബി. ശശികുമാര്‍, തഹസില്‍ദാര്‍ ബി. അനില്‍ കുമാര്‍, റവന്യൂ ഉദ്യോഗസ്ഥരായ ടി. രാജേന്ദ്രന്‍ പിള്ള, എസ്തര്‍ സ്റ്റീഫന്‍, പി. ഗിരീഷ് കുമാര്‍, എസ്. ഉദയന്‍, രവിപ്രസാദ്, എം. അസീം, വിജയലക്ഷ്മി, ജോസ് രാജു, വില്ലേജ് ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.