എൻടിടിഎഫിൽ പരിശീലനം, കളക്ടർക്ക് കൈ കൊടുത്ത് ആ 59 പേർ ജോലിയിലേക്ക്

കാക്കനാട്: ഒരേ സ്ഥാപനത്തിൽ ഒരേ ബാച്ചിൽ പഠിച്ച മുഴുവൻ കുട്ടികൾക്കും ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ഒരേ സ്ഥാപനത്തിൽ ജോലി കിട്ടുക. അവരെല്ലാം ഒരേ ദിവസം ജോലിയിൽ പ്രവേശിക്കുക. അതും ഒന്നും രണ്ടുമല്ല – 59 പേർ! ആ അപൂർവ്വ സംഭവത്തിന് ഇന്ന് (ഡിസംബർ 19 ) എറണാകുളം സാക്ഷിയാവുകയാണ് ! ജോലിയിൽ കയറും മുമ്പ് അവരെല്ലാം ഒരുമിച്ച് ജില്ലാ കളക്ടർ എസ്.സുഹാസിനെ കാണാൻ കളക്ടറേറ്റിലെത്തി.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ (എൻടിടിഎഫ്) സംസ്ഥാനത്തെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കു നൽകിയ തൊഴിലധിഷ്ഠിത നൈപുണി വികസന കോഴ്സിൽ നിന്നും ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയാണ് ഇവർക്ക് ജോലി ലഭിച്ചത്. എറണാകുളം കാക്കനാട് സെസ്സിനുള്ളിലെ നെസ്റ്റ് ഗ്രൂപ്പിന്റെ എസ് എഫ് ഒ ടെക്നോളജീസ് എന്ന സ്ഥാപനമാണ് ഇവരെ തിരഞ്ഞെടുത്തത്. വയനാട്, കോഴിക്കോട് അടക്കമുള്ള വിവിധ ജില്ലകളിൽ നിന്നും പ്രവേശന പരീക്ഷയിലൂടെയാണ് ഇവർ യോഗ്യത നേടിയത്. എൻ ടി ടി എ ഫിന്റെ തലശ്ശേരി ക്യാമ്പസിലെ വിദ്യാർത്ഥികളാണിവർ. മലപ്പുറത്തും കോയമ്പത്തൂരുമാണ് മറ്റ് പരിശീലന കേന്ദ്രങ്ങളുള്ളത്.

ഇലക്ട്രോണിക്സ് ത്രൂ ഹോൾ അസംബ്ലി ഓപ്പറേറ്റർ കോഴ്സ് പൂർത്തിയാക്കിയാണ് ഇവർ ജോലിക്ക് യോഗ്യത നേടിയത്. 10 മാസത്തെ തൊഴിൽ പരിശീലനത്തിത്തിനിടെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടടറുടെ പ്രത്യേക താൽപര്യപ്രകാരം എൻടിടിഎഫിന്റെ ബാംഗ്ലൂർ കേന്ദ്രത്തിൽ മൂന്നു മാസത്തെ വിദഗ്ധ പരിശീലനവും നൽകിയിരുന്നു.

വിദ്യാർത്ഥികളൾക്ക് സാമൂഹികമായും തൊഴിൽപരമായും ഉയർന്ന കാഴ്ചപ്പാട് ലഭിക്കും വിധമാണ് പരിശീലനം. താമസ,ഭക്ഷണ, പരിശീലന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ സൗജന്യമായി ഏർപ്പെടുത്തി. ഓരോ വിദ്യാർത്ഥിക്കും 1.75 ലക്ഷം രൂപ വീതമാണ് സർക്കാർ ലഭ്യമാക്കിയത്.

തൊഴിൽ പരിശീലനവും തൊഴിലും മാത്രമല്ല, പട്ടികവർഗ്ഗ വികസന വകുപ്പ് മുൻകൈയെടുത്ത് ഇവർക്ക് താമസ സൗകര്യവും ഒരുക്കി നൽകി. ശമ്പളം കിട്ടാൻ തുടങ്ങുന്നതു വരെയുള്ള കാലദൈർഘ്യം കണക്കാക്കി മൂന്നു മാസത്തെ താമസ- ഭക്ഷണ ചെലവുകളും വകുപ്പ് വഹിക്കും.

മക്കൾ അഞ്ചക്ക ശമ്പളം ലഭിക്കുന്ന ജോലിയിൽ പ്രവേശിക്കുമ്പോൾ സംസ്ഥാന സർക്കാരിനോടും പട്ടികവർഗ്ഗ വികസന വകുപ്പിനോടും എൻടിടിഎഫ് എന്ന സ്ഥാപനത്തോടും ജീവിതകാലം മുഴുവൻ കപ്പെട്ടിരിക്കുന്നു എന്നാണ് രക്ഷിതാക്കൾ പ്രതികരിച്ചത്.

ജില്ലാ കളക്ടർക്ക് കൈ കൊടുത്ത് അഭിനന്ദനവുമേറ്റുവാങ്ങി അവരൊന്നിച്ച് ഇന്ന് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.