ന്യൂഡല്‍ഹി: കേരളത്തിന് ഗ്രാമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് ദേശീയ അവാര്‍ഡുകള്‍. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് നാല് ദേശീയ അവാര്‍ഡുകളും കുടുംബശ്രീ മിഷന് ദീന്‍ ദയാല്‍ കൗശല്യ യോജനക്ക് ഒരു അവാര്‍ഡും സംസ്ഥാന ഗ്രാമവികസന വകുപ്പിന് പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയുടെ നടത്തിപ്പിന് രണ്ട് ദേശീയ അവാര്‍ഡുകളും ദിശ മീറ്റിംഗിന്റെ മികച്ച നടത്തിപ്പിന് ഒരു അവാര്‍ഡും ലഭിച്ചു.

തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിന് സുരക്ഷിത സോഫ്റ്റ്‌വെയര്‍  നടപ്പാക്കിയതിന് സംസ്ഥാന തൊഴിലുറപ്പ് മിഷന് വേണ്ടി ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാര്‍ ഐ എ എസ് അവാര്‍ഡ് ഏറ്റുവാങ്ങി. ദീന്‍ ദയാല്‍ കൗശല്യ യോജന ഫലപ്രദമായി നടപ്പാക്കിയതിന് കുടുംബശ്രീ മിഷനുവേണ്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ എ എസ് അവാര്‍ഡ് ഏറ്റുവാങ്ങി. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ജില്ലയ്ക്കുള്ള ദേശീയ അവാര്‍ഡ് കോട്ടയം ജില്ലക്ക് വേണ്ടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. എസ്. ഷിനോ എന്നിവര്‍ ഏറ്റുവാങ്ങി.

പി എം എ വൈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യനും മികച്ച വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്ക് വി ഇ ഒ എ. വി ദിവ്യക്കും ലഭിച്ചു. തൊഴിലുറപ്പു പദ്ധതിക്കു വേണ്ടി സുരക്ഷിത സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച കേരള എന്‍ ഐ സിയും പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തും അവാര്‍ഡിന് അര്‍ഹമായി.

ന്യൂഡല്‍ഹി പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി, ഗ്രാമവികസന പഞ്ചായത്തീരാജ് വകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, സെക്രട്ടറി അമര്‍ജീത് സിന്‍ഹ സ്‌പെഷല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍, ഡി ഡി ജി ഗയാ പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.