കൊച്ചി: ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമൻ . ദേശീയ ഉപഭോക്തൃ ദിനാചരണം എറണാകുളം വൈ എം എസി എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പിലാകുന്നതോട് കൂടെ ഗുണഭോക്താക്കൾക്ക് വേഗത്തിൽ നീതി നടപ്പിലായി കിട്ടുന്നതിന് അവസരം ഒരുങ്ങും. മാത്രമല്ല ഉപഭോക്താവിന്റെ താൽപര്യം സംരക്ഷിക്കുന്ന വ്യാപാരി സമൂഹവും പുനർജനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഉപഭോക്തൃ ഡയറക്ടറേറ്റ് രൂപീകരണം യാഥാർത്ഥ്യമാകുമ്പോൾ ഫലപ്രദമായ പ്രവർത്തനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാർഡുകളുടെ വിതരണവും മന്ത്രി നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി ഒന്നാം സ്ഥാനവും തിരുവനന്തപുരം കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ രണ്ടാം സ്ഥാനവും കേരള സംസ്ഥാന ഉപഭോക്തൃ സമിതി കൊല്ലം മൂന്നാം സ്ഥാനവും നേടി.

ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഹിന്ദു ദിനപത്രവുമായി ചേർന്ന് പുറത്തിറക്കുന്ന ബുക്ക്ലെറ്റിന്റെ പ്രകാശനം ടി.ജെ. വിനോദ് എംഎൽഎ നിർവ്വഹിച്ചു. ഹിന്ദു ദിനപത്രം സ്പെഷ്യൽ പബ്ലിക്കേഷൻസ് എഡിറ്റോറിയൽ ആങ്കർ സന്തോഷ് കെ തമ്പിയെ ചടങ്ങിൽ ആദരിച്ചു. ഉപഭോക്തൃ കേരളം ദ്വൈമാസികയുടെ പ്രകാശനം പി ടി തോമസ് എംഎൽഎ നിർവഹിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമം 2019 എന്ന വിഷയത്തിൽ അഡ്വ. ഡി.ബി ബിനു വിഷയാവതരണം നടത്തി. ആലപ്പുഴ ഇപ്റ്റ ഉപഭോക്തൃ ബോധവത്ക്കരണ തെരുവ് നാടകാവതരണവും നടത്തി.

ടി.ജെ. വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എൻ. സതീഷ്, പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. എൻ തേജ് ലോഹിത്റെഡ്ഡി , ലീഗൽ മെറ്ററോളജി ഡയറക്ടർ വർഗ്ഗീസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.