അമ്പതിനായിരം പേർക്ക് അടുത്ത  മാർച്ച് മാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലയിൽ 9356 പേർക്ക് പട്ടയം ലഭിച്ചു കഴിഞ്ഞു. സംസ്ഥാനത്താകെ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേർക്ക് പട്ടയം നൽകിയിട്ടുണ്ട്.

ജനുവരി ഒന്നിന് സമഗ്ര ഭൂപരിഷ്ക്കരണ നിയമത്തിന്റെ അമ്പതാം വാർഷികം തിരുവനന്തപുരത്ത് വിപുലമായി നടത്തും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. തീരദേശം ,ഫോറസ്റ്റ് ,പോർട്ട് മേഖലകളിൽ പട്ടയ വിതരത്തിൽ കാലതാമസം നേരിടുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളും ഊർജി തമാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്  പരിഹാരമായിട്ടുണ്ട്. ഇനി വടക്കൻ ജില്ലകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കേരളത്തിൽ നിലവിൽ 50 ലക്ഷം പേർ ഭൂവുടമകളായി മാറി എന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി താലൂക്കിൽ സുനാമി പട്ടയം മറിയം  കാർത്തി, ഹാജ്റ, സിന്ധു ,കൊച്ചുമ്മ എന്നിവരും  മിച്ചഭൂമി പട്ടയം ലീല ,സതി എടി ,ദേവയാനി പാലങ്ങോട്ടു മീത്തൽ ,സ നില കെ എസ് ,പ്രേമലത എൻ പടിഞ്ഞാറെ പാട്ട് എന്നിവരും താമരശേരി താലൂക്കിൽ വിനോദ് കോരൻ, മുഹമ്മദ് പൊട്ടിക്കൈ, ഖദീജ, തങ്കമ്മ സുബ്രഹ്മണ്യനും വടകര താലൂക്കിൽ സുനാമി പട്ടയം പ്രകാശൻ, പുഷ്പ, ഹുസൈൻ, റംല, വത്സരാജ്, മഹിജ സരസു, സുമലത എന്നിവരും  മന്ത്രിയിൽ നിന്ന്  ഏറ്റുവാങ്ങി.

മൂന്നര വർഷത്തിനുള്ളിൽ 7000ത്തിൽ പരം കുടുംബങ്ങൾക്ക് പട്ടയം നൽകി കഴിഞ്ഞതായും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ഭൂമിത്ര പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. അർഹതപ്പെട്ട എല്ലാവർക്കും വീട് ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. റവന്യു വകുപ്പ് വിചാരിച്ചാലും കാലതാമസം നേരിടുന്ന ഭൂപ്രശ്നങ്ങളുള്ള പ്രദേശങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ കാലങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം നിരവധി പ്രവർത്തനങ്ങൾ നടത്തുന്നത്. ജന്മി-കുടിയാൻ അവകാശഭൂമികളിലെ ക്രയവിക്രയ സർട്ടിഫിക്കറ്റ് സമയബന്ധിതമായി തീർപ്പാക്കുന്നതിന് ജില്ലയിലെ ലാന്റ് ട്രിബ്യൂണലുകൾക്ക് ടാർജറ്റ് നിശ്ചയിച്ച് നൽകി തുടർ നടപടി സ്വീകരിച്ചു വരികയാണ്. കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനും പുറമ്പോക്ക് ഭൂമിയും മിച്ചഭൂമിയും അർഹരായവർക്ക് നിയമാനുസൃതം പതിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം പ്രഥമ പരിഗണനയാണ് നൽകുന്നത് .ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ 1839 പേർക്കാണ് പട്ടയം വിതരണം ചെയ്തത്.

ബേപ്പൂർ, ചെങ്ങോട്ടുകാവ്, തിക്കോടി, അഴിയൂർ, ചേമഞ്ചേരി എന്നിവിടങ്ങളിൽ സുനാമി പുനരധിവാസത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഭൂമിക്കുള്ള പട്ടയവും വിതരണം ചെയ്തു. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 90 കുടുംബങ്ങൾക്കാണ് പട്ടയം ലഭ്യമായത്. ബേപ്പൂർ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയിൽ ദീർഘകാലമായി താമസിച്ചു വന്നതും എന്നാൽ ഭൂമിയുടെ അവകാശ രേഖകൾ ഇത്രയും കാലമായി ലഭിക്കാതിരിക്കുകയും ചെയ്തിരുന്ന 31 കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കി. ജില്ലയിൽ രണ്ടു താലൂക്കുകളിലായി 112 കുടുംബങ്ങൾക്കും മിച്ചഭൂമി പട്ടയം വിതരണം ചെയ്തു.

കൈവശഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലാത്തവർക്ക് സമയബന്ധിതമായി പട്ടയം നൽകുന്നതിനും ഭൂനികുതി, വനഭൂമി സംബന്ധിച്ച തർക്കങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച പദ്ധതിയാണ് ഭൂമിത്ര. എല്ലാ വെള്ളിയാഴ്ചയും താലൂക്ക്തലത്തിൽ ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ 5 വീതം വില്ലേജുകളെ ഉൾപ്പെടുത്തി ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള അദാലത്ത് ജില്ലയിൽ നല്ല നിലയിൽ പുരോഗമിക്കുകയാണെന്ന്  സ്വാഗത പ്രസംഗത്തിൽ ജില്ലാ കലക്ടർ കലക്ടർ സാംബശിവ റാവു  പറഞ്ഞു. എം എൽ എ വി കെ സി മമ്മദ് കോയ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ ഡി എം റോഷ്നി നാരായണൻ, ആർ ഡി ഒ .വി അബ്ദുറഹിമാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.