കണ്ണൂർ: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരു കൂട്ടം കലാകാരന്മാരുടെ അതിമനോഹരമായ കലാവിരുന്നൊരുക്കി ദേശീയ സരസ് മേള. പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരുടെ ഗാനമേള സരസ് മേളയില്‍ അരങ്ങേറിയത്.

മുന്നൂറിലധികം കലാകാരന്‍മാര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയുടെ ഗാനമേള സംഘമാണ് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടിലെ സരസ് വേദിയില്‍ മധുര ഗാനങ്ങളുമായെത്തിയത്. ഭിന്നശേഷിക്കാരായ സജീവന്‍ പുത്തൂര്‍, കവിത ബിജു, മജാജ് ദിനേശന്‍, ചക്കര ബാബു, പ്രജീഷ് മലപ്പട്ടം തുടങ്ങിയ കലാകാരന്മാരാണ് സംഗീത വിരുന്നിലൂടെ സദസ്സിനെ വിസ്മയിപ്പിച്ചത്.

ദേശീയ സരസ് മേളയുടെ നാലാം ദിനത്തില്‍ നടന്ന സാംസ്‌കാരിക സദസ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം  ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംരംഭങ്ങളുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ വി നാരായണന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.  സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി ‘സ്ത്രീ – കലയിലും ജീവിതത്തിലും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

ആന്തൂര്‍ നഗരസഭാ കൗണ്‍സിലര്‍ കെ പുഷ്പജന്‍ ആശംസ അറിയിച്ചു. അഴീക്കോട് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ മോഹിനി സ്വാഗതവും കല്യാശ്ശേരി സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എന്‍ പി ഗീത  നന്ദിയും അറിയിച്ചു. സംസ്‌ക്കാരിക പരിപാടിയെ തുടര്‍ന്ന് എം ആര്‍ പയ്യട്ടത്തിന്റെ നേതൃത്വത്തില്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ ചരിത്രം പറയുന്ന കഥാപ്രസംഗം ‘ഉഷ്ണ രാശി’  അവതരിപ്പിച്ചു.