സന്നിധാനം നടപ്പന്തലിന് സമീപമുള്ള ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ വെട്ടികുളങ്ങര ചേപ്പാട് ഹേമാംമ്പിക കുത്തിയോട്ട സമിതിയുടെ കുത്തിയോട്ടം അരങ്ങേറി. കുമ്മി പാട്ടിനനുസരിച്ച് താളാത്മകമായ പാദ ചലനങ്ങളോടെ കുത്തിയോട്ട നൃത്തം വശ്യതയാര്‍ന്നതായിരുന്നു.
അയ്യപ്പചരിതം, ശ്രീകൃഷ്ണ ചരിതം, ഭദ്രകാളി ചരിതം തുടങ്ങിയ കുമ്മികളാണ് അവതരിപ്പിച്ചത്. ചേപ്പാട് ശ്രീരാജ്, പ്രസാദ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന, കുട്ടികള്‍ അടങ്ങുന്ന 50 അംഗ സംഘമാണ് പരിപാടി അവതരിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് സംഘം ശബരിമലയില്‍ കുത്തിയോട്ടം അവതരിപ്പിച്ചത്. ഇവര്‍ വിവിധ ക്ഷേത്ര സന്നിധികളില്‍ കുത്തിയോട്ടം നടത്തിവരുന്നു.