സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍ദ്രം മിഷന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിനിന് ജില്ലയില്‍ തുടക്കമായി.   ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ശരിയായ ഭക്ഷണശീലം, മികച്ച വ്യായാമം, ലഹരി വസ്തുക്കള്‍ ഒഴിവാക്കല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ചുവരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനിനാണ് ആര്‍ദ്രം മിഷന്‍ രൂപം നല്‍കിയിട്ടുള്ളത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുക, വ്യായാമവും കായിക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, പൊതുജന മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ഊര്‍ജിതമാക്കുക, ലഹരി നിര്‍മ്മാര്‍ജ്ജനം, ശുചിത്വം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, സ്പോര്‍ട്സ് കൗണ്‍സില്‍, ശുചിത്വമിഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ രഞ്ജിത്, ജയേഷ് മോഹന്‍, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ വി.എം. സിറാജ്, മറ്റു ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകര്‍, ആര്‍ദ്രം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജയ് മോഹന്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.കെ.ആര്‍. രാജന്‍, ഡോ.ടി.അനിതകുമാരി, മാസ് മീഡിയ ഓഫീസര്‍  ഡോമി.ജെ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി നല്‍കുന്ന കായകല്‍പ്പ് അവാര്‍ഡിന് അര്‍ഹമായ മൂന്നിലവ് പി.എച്ച്.സി, ഈരാറ്റുപേട്ട എഫ്.എച്ച്.സി, പെരുന്ന യു.പി.എച്ച്.സി, വേളൂര്‍ യു.പി.എച്ച്.സി  എന്നിവയെയും നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡിനും കായകല്‍പ്പ് അവാര്‍ഡിനും അര്‍ഹമായ മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം, വെളിയന്നൂര്‍ കുടുംബാരോഗ്യകേന്ദ്രം, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയെയും ചടങ്ങില്‍ അനുമോദിച്ചു.
ആര്‍ദ്രം ജനകീയ കാമ്പയിനിന്‍റെ ലോഗോ മത്സരത്തില്‍ സമ്മാനാര്‍ഹരായ അതുല്‍ എസ്. രാജ് (എം.ഡി സെമിനാരി സ്കൂള്‍, കോട്ടയം), ഡി. സ്നേഹ (കേന്ദ്രീയ വിദ്യാലയ, കോട്ടയം), ഹരിപ്രസാദ് (എം.ജി.ജിഎച്ച്.എസ്.എസ് പാലാ),    ജി. ഹരികൃഷ്ണന്‍ (കാരാപ്പുഴ ഗവണ്‍മെന്‍റ് ജി.എച്ച്.എസ്) ശ്രീലക്ഷ്മി പി.ബി (എസ്.വി.ജി.വിപി.എച്ച്.എസ് കോട്ടയം) എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.