പത്തനംതിട്ട: ഹരിത കേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നു. അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയിരൂര്‍ തീയാടിക്കല്‍-വലിയതോട് പുനരുജീവന പ്രവര്‍ത്തനങ്ങള്‍ നടന്നു.

അയിരൂര്‍ തീയാടിക്കല്‍-വലിയതോട് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊണ്ടൂര്‍പടിയില്‍ രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസുകുട്ടി അധ്യക്ഷനായ യോഗത്തില്‍ വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ്, കര്‍ഷകര്‍, സമുദായ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എരമത്തില്‍പ്പടി-രാമഞ്ചിറ തോട് പുനരുജ്ജീവനം നടന്നു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ കുറുപ്പ് എരമത്തില്‍പ്പടി-രാമഞ്ചിറ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സുലോചന അധ്യക്ഷത വഹിച്ച യോഗത്തില്‍  ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു മുഖ്യപ്രഭാഷണം നടത്തി.  നീര്‍ച്ചാല്‍ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടേയും കടമയാണെന്നും അങ്ങനെ സംരക്ഷിച്ചാല്‍ ഭാവി തലമുറയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി അവതരണം നടത്തി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്,10 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന രണ്ടര കിലോമീറ്റര്‍ ദൂരമുള്ള എരമത്തില്‍പ്പടി-രാമന്‍ചിറ തോടാണ്് ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുക്കുന്നത്. പഞ്ചായത്തിലെ മൂന്ന് പാടശേഖരങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുനരുജ്ജീവന പ്രവര്‍ത്തനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കും.

എരമത്തില്‍പ്പടി-രാമഞ്ചിറ നീര്‍ച്ചാല്‍ പുനരുജ്ജീവന യജ്ഞത്തില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, കര്‍ഷകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ഹരിത കേരളം മിഷന്‍ ആര്‍.പി ഗോകുല്‍, രാധാകൃഷ്ണന്‍, ഹരിത സഹായ സ്ഥാപന പ്രതിനിധി ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.