ശാസ്ത്ര കൗതുകത്തോടെപ്പം വിസ്മയ കാഴ്ചയുമൊരുക്കുകയാണ് മാർഇവാനിയോസ് ഗ്രൗണ്ടിലെ പ്രദർശന നഗരി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനത്തിലാണ് ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന സസ്യവുമുള്ളത്. ഒരു കടുകുമണിയുടെ പത്തിലൊന്ന് മാത്രം വലിപ്പമുള്ള സസ്യത്തിന്റെ പൂവ് കാണണമെങ്കിൽ മൈക്രോസ്‌കോപ്പ് വേണ്ടിവരും.

‘ഗുൾഫിയ ഗ്ലോബസ്യ’  എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സസ്യം, മലബാർ ബോട്ടാനിക്കൽ ഗാർഡന്റെ സ്റ്റാളിലാണ് പ്രദർശനത്തിനുള്ളത്. ‘കടുക് പച്ച’ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ‘ഗുൾഫിയ ഗ്ലോബസ്യ’യെക്കുറിച്ചറിയാൻ പ്രദർശനത്തിൽ തിരക്കേറുകയാണ്. തെക്കെ ഇന്ത്യയിലെ ചെറിയ കുളങ്ങളിൽ മാത്രം കാണപ്പെടുന്ന കടുക് പച്ച, വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന്റെ ഗണത്തിൽപെടുന്നു.

ചെറിയ വെള്ളക്കെട്ടുകൾ പരക്കെ മണ്ണിട്ടു മൂടുന്നതാണ് ഇതിന് കാരണം.
കടുക് പച്ചക്കൊപ്പം സ്വർണ സാന്നിധ്യമുള്ള ഭൂപ്രദേശത്ത് മാത്രം കാണപ്പെടുന്ന ‘സ്വർണ്ണപന്ന’ ക്കും കാഴ്ചക്കാർ ഏറെയാണ്. ‘ഇക്വിവിസ്റ്റം രാമോസിസിയം’ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സ്വർണ്ണപന്ന കേരളത്തിൽ അപൂർവ്വമാണ്. നനവാർന്ന പ്രദേശങ്ങളിലും ആഴം കുറഞ്ഞ വെള്ളക്കെട്ടുകളിലും കാണപ്പെടുന്ന ഒരിനം പന്നൽച്ചെടിയായ സ്വർണ്ണപന്ന, സ്വർണ്ണത്തിന്റെ സാന്നിധ്യമറിയാനായി വ്യാപകമായി നട്ടുവളർത്താറുണ്ട്.

മലിന ജലത്തെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന അരയന്ന പായൽ, കേരളത്തിലും കർണാടകയിലും മാത്രം കാണപ്പെടുന്ന കാട്ടുകിണർവാഴ, ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഹിമാലയൻകുളവാഴ, അമേരിക്ക, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ അലങ്കാരച്ചെടിയായി പൂന്തോട്ടങ്ങളിൽ കാണപ്പെടുന്ന ജലസസ്യമായ മൊസൈക് ചെടി തുടങ്ങി കൗതുകമുണർത്തുന്ന നിരവധി സസ്യങ്ങളുടെ പ്രദർശനമാണ് മലബാർ ബോട്ടാനിക്കൽ ഗാർഡൻ ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം അലങ്കാരത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളുടെ ടെറേറിയവും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.