*47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും
*നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് ചർച്ച ചെയ്യും
പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ഒന്നാം സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരായ മലയാളികളെ പ്രത്യേക ക്ഷണിതാക്കളായി നിശ്ചയിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രണ്ടിന് രാവിലെ 9.30ന് രണ്ടാം ലോക കേരള സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ച് ഇത്തവണത്തെ ലോക കേരള സഭ ചർച്ച ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകർക്ക് ഗുണകരമാകുന്ന തരത്തിൽ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.
ലോകകേരള സഭ ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബിൽ ജനുവരി രണ്ടിന് സമ്മേളനത്തിൽ ചർച്ച ചെയ്യും. ഒന്നാമത്തെ സമ്മേളനത്തിൽ 60 ലധികം നിർദ്ദേശങ്ങൾ ഏഴു സ്റ്റാൻഡിംഗ് കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. ഇവ ക്രോഡീകരിച്ച് പത്തെണ്ണം തിരഞ്ഞെടുക്കുകയും ഇതിൽ എട്ടെണ്ണം നടപ്പാക്കുകയും ചെയ്തു. പ്രവാസി പെൻഷൻ ഡിവിഡന്റ് ഫണ്ട്, നിക്ഷേപസമാഹരണത്തിനുള്ള കമ്പനി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കി.
രണ്ടാം സമ്മേളനത്തിനോടനുബന്ധിച്ച് സാംസ്‌കാരികോത്‌സവം, മാധ്യമ സെമിനാർ, പ്രവാസി ചലച്ചിത്രോത്‌സവം, വസന്തോത്‌സവം, സെമിനാറുകൾ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എം. പിമാർ. എം. എൽ. എമാർ ഉൾപ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.