നിയമസഭ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് മാര്‍ച്ചില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭ പരിസ്ഥിതി സമിതി സിറ്റിംഗിലാണ് അറിയിച്ചത്.
ജില്ലയിലെ ക്വാറി മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൂടുതല്‍ ശാസത്രീയമായ പഠനങ്ങള്‍ ആവശ്യമാണ്. ക്വാറി മേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ മനസിലാക്കി അതിലെ പോരായ്മകള്‍, പരിഹാരങ്ങള്‍ എന്നി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം വളരെയേറെ മാറ്റങ്ങള്‍ പ്രകൃതിയിലുണ്ടായിട്ടുണ്ട്.
നിയമസഭാ പരിസ്ഥിതി സമിതി സര്‍ക്കാറിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ജില്ലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിര്‍ദേശങ്ങള്‍ സ്വരൂപിക്കലാണ് പ്രധാനം. ക്വാറിയുമായി ബന്ധപ്പെട്ട് നിലവില്‍ ഉദ്യോഗസ്ഥതലത്തില്‍ മോണിറ്ററിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട് നിയമ പരമായ കാര്യങ്ങള്‍, നിയമത്തിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍, ഉദ്യോഗസ്ഥതലത്തിലുളള പ്രയാസങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടിലുണ്ടാകും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലുള്ള വീഴ്ചകള്‍ പരിഹരിക്കാനും ആവശ്യമായ നിര്‍ദേശം നല്‍കും.
ജനുവരിയില്‍ ഇടുക്കിയില്‍ പരിസ്ഥിതി സമിതി സന്ദര്‍ശനം നടത്തും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പുതിയ സാഹചര്യത്തിനനുസരിച്ച് പുതിയ പഠനം ആവശ്യമാണ്. ഉദ്യോഗസ്ഥതലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സമൂഹത്തിന് ബോധ്യമാകേണ്ടതുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഖനനം നടത്തുന്നതെന്നുറപ്പാക്കാന്‍ വകുപ്പുകള്‍ ഏകീകൃത സ്വാഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രളയത്തിനുശേഷം ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച പരാതികള്‍ 15 ദിവസത്തിനകം ജില്ലാ കലക്ടര്‍ മുഖേന നല്‍കാന്‍ സമിതി നിര്‍ദേശിച്ചു. പ്രകൃതിയിലെ വിഭവങ്ങള്‍ ഭാവിതലമുറയ്ക്കു കൂടെ അവകാശപ്പെട്ടതാണ്. അവ അവര്‍ക്ക് കൂടി ലഭ്യമാകുന്ന രീതിയിലായിരിക്കണം ഉപയോഗിക്കേണ്ടത്. പ്രകൃതി നല്‍കുന്നവയെല്ലാം എക്കാലത്തും നിലനില്‍ക്കില്ല. പ്രകൃതിയെ പരിഗണിച്ചുള്ള വികസനം വേണം നടപ്പിലാക്കാന്‍. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ ചുമതല നിര്‍വഹിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ എം.എല്‍.എമാരും നിയമസഭാ സമിതി അംഗങ്ങളുമായ കെ.ബാബു, കെ.വി.വിജയദാസ്, പി.ടി.എ.റഹീം, എഡിഎം റോഷ്നി നാരായണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്, സബ്കലക്ടര്‍ ജി പ്രിയങ്ക, അണ്ടര്‍ സെക്രട്ടറി അനില്‍കുമാര്‍, വടകര ആര്‍ഡിഒ വി.പി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ സോയില്‍ പൈപ്പിങ്ങ് പ്രതിഭാസമുണ്ടായ കാരശേരി ഗ്രാമപഞ്ചായത്തിലെ പൈക്കാടന്‍ മല നിയമസഭാ സമിതി ചെയര്‍മാനും അംഗങ്ങളും സന്ദര്‍ശിച്ച് നാട്ടുകാരില്‍ നിന്ന് പരാതികള്‍ കേള്‍ക്കുകയും തെളിവെടുക്കുകയും ചെയ്തു.