ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് പുരാവസ്തു, പുരാരേഖ, സാംസ്‌കാരികം, മ്യൂസിയവും മൃഗശാലയും തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മ്യൂസിയം വളപ്പിൽ നടന്ന പ്രദർശനങ്ങൾ തുറമുഖ, പുരാവസ്തുവും പുരാരേഖയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രദർശനങ്ങൾ വീക്ഷിച്ച അദ്ദേഹം മ്യൂസിയം കാണാനെത്തിയവരോടു കുശലാന്വേഷണങ്ങൾ നടത്തി. പ്രദർശനം ജനുവരി മൂന്ന് വരെ ഉണ്ടായിരിക്കും.
വേലുത്തമ്പി ദളവ, രാജാരവിവർമ തുടങ്ങി മഹാൻമാരുടെ നിശ്ചലദൃശ്യങ്ങളും ചരിത്ര പ്രദർശനത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വിജ്ഞാനപ്രദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിജ്ഞാനവീഥികളും ഒരുക്കിയിട്ടുണ്ട്.
2020 ജനുവരി 1, 2, 3 തീയതികളിലായാണ് ലോക കേരളസഭയുടെ രണ്ടാം സമ്മേളനം തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിൽ നടക്കുന്നത്. വകുപ്പ് അധ്യക്ഷൻമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.