കാക്കനാട്: കൊച്ചി സിറ്റി ഗ്യാസ് പദ്ധതി ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി ഡിസംബര്‍ മാസത്തില്‍ ഉദ്ഘാടനം നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കള്ക്ടര്‍ എസ്. സുഹാസ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള റോഡ് കുഴിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ അനുമതികള്‍ ഇനിമുതല്‍ കളക്ടര്‍ നേരിട്ട് നല്‍കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ നഗരത്തില്‍ ഒരു ലക്ഷം ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്ന ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ആര്‍.ഡി.ഒമാരുടെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കളക്ടര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്ലാസ്റ്റി്ക് വിമുക്തമാകണമെന്നും ഒരു ഓഫീസിനും പരിശോധനയില്‍ പിഴ ലഭിക്കരുതെന്നും നിര്‍ദ്ദേശിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളിലടക്കം പ്ലാസ്റ്റിക് നിരോധനം ബാധകമാണ്. പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് മുഖ്യ പങ്ക് വഹിക്കാനുള്ളതെന്ന് പറഞ്ഞ കളക്ടര്‍ പിഴതുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്ലാസ്റ്റി്ക് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും ശുചിത്വമിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യക്തമായി മനസ്സിലാക്കണം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിക്ക് കീഴിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി മൂന്നിന് കൊച്ചി നഗരത്തില്‍ തുടക്കമാകും. ആദ്യ പ്രവൃത്തി 10 കോടി രൂപയുടേതാണ്. കലൂര്‍, എം.ജി റോഡ്, മറൈന്‍ ഡ്രൈവ് അടക്കം നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബ്രേക്ക് ത്രൂവിന് കീഴിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ജനുവരി 25ന് ജില്ലയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ യജ്ഞം വിജയകരമാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചിത്വ യജ്ഞത്തില്‍ ജില്ല മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും. ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയ, സംസ്ഥാനപാതകളുടെ വശങ്ങള്‍ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വൃത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശുചിത്വ യജ്ഞം ശുചിത്വമിഷന്റെ ധനസഹായമില്ലാതെയാണ് നടപ്പിലാക്കുന്നത്.
ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ കൊച്ചി നഗരത്തില്‍ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജനുവരി 11, 12 തീയതികളില്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ വിവിധ വകുപ്പുകളുടെ സാന്നിധ്യം ഉറപ്പ് വരുത്തും. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ പദ്ധതി തയ്യാറായതായി കളക്ടര്‍ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പോലീസ്, ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കും.
യോഗത്തില്‍ പങ്കെടുത്ത അനൂപ് ജേക്കബ്ബ് എം.എല്‍.എ മൂവാറ്റുപുഴ, പെരിയാര്‍ വാലി ഇറിഗേഷന്‍ കനാലുകളിലൂടെ അടിയന്തരമായി ജലസേചനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ജനുവരി ഒന്നു മുതല്‍ കനാലുകളിലൂടെ ജലവിതരണം നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
