തിരക്കൊഴിഞ്ഞ നഗരവഴികളിലൂടെ ധൈര്യസമേതം അവര്‍ നടന്നു നീങ്ങി. ഒറ്റയ്ക്കും  ചെറു സംഘങ്ങളായും. എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും മുതല്‍ വീട്ടമ്മമാര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
അര്‍ധരാത്രിയില്‍ ചിരിച്ചും കുശലം പറഞ്ഞും  നടന്ന സ്ത്രീകളും ആണുങ്ങളുടെ തിരക്കുള്ള തട്ടുകടയില്‍  കയറിച്ചെന്നവരും നഗരങ്ങള്‍ക്ക് പുതിയ കാഴ്ചയായി. ഒടുവില്‍ പുലര്‍ച്ചെ ഒത്തു ചേര്‍ന്ന് പാട്ടുപാടിയും നൃത്തം ചെയ്തും പൊതു ഇടം എന്റേതുമാണെന്ന് പ്രഖ്യാപിച്ചുമാണ് അവര്‍ വീട്ടിലേക്കു മടങ്ങിയത്.
നിര്‍ഭയ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ കോട്ടയം ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകരും വീട്ടമ്മമാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി വനിതകള്‍ പങ്കുചേര്‍ന്നു.
തിരുനക്കര ഗാന്ധി സ്‌ക്വയര്‍ കേന്ദ്രീകരിച്ചു നടന്ന കോട്ടയം മുനിസിപ്പാലിറ്റിയിലെ പരിപാടി ഉദ്ഘാടനം ചെയ്ത മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ആദ്യന്തം പങ്കാളിയായി. എഴുത്തുകാരി കെ.ആര്‍. മീര ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലിയതിനുശേഷം നഗരത്തിലെ ആറു കേന്ദ്രങ്ങളിലേക്ക് സ്ത്രീകള്‍ നടന്നുനീങ്ങി.
സുരക്ഷാ ഭീഷണിയുണ്ടായാല്‍ സഹായം തേടുന്നതിനായി എല്ലാവര്‍ക്കും വിസിലുകള്‍ നല്‍കിയിരുന്നു.
വിവിധ കേന്ദ്രങ്ങളിലേക്ക് നടന്നവര്‍ തിരികെയെത്തി ഗാന്ധി സ്‌ക്വയറില്‍ സംഗമിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും പരിപാടിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.
വൈക്കത്ത് സത്യഗ്രഹ സ്മാരകം കേന്ദ്രീകരിച്ചു നടന്ന പരിപാടി സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ശശിധരന്‍ അധ്യക്ഷനായി. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ നടത്തത്തില്‍ പങ്കെടുത്തു. തിരികെ സത്യഗ്രഹ സ്മാരകത്തിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലിയശേഷമാണ് മടങ്ങിയത്.
ചങ്ങനാശേരി ടൗണില്‍  പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചു നടന്ന രാത്രി നടത്തത്തില്‍   പങ്കെടുത്തവരെ സുരേഷ് കുറുപ്പ് എം.എല്‍.എ  അഭിസംബോധന ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ലവ്‌ലി ജോര്‍ജ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈരാറ്റുപേട്ട, പാലാ മുനിസിപ്പാലിറ്റികളിലും രാത്രി നടത്തം സംഘടിപ്പിച്ചു.