മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിളിനെ വിദേശരാജ്യങ്ങളില്‍ കയറ്റുമതിചെയ്യുന്ന കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ രണ്ടാംഘട്ടത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദിപ്പിക്കുന്ന പൈനാപ്പിളിന് വിപണി കണ്ടെത്താന്‍ കഴിയാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരമായി പൈനാപ്പിളിന് വിദേശ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് വാഴക്കുളം പൈനാപ്പിളിനെ കയറ്റുമതിചെയ്യുന്ന കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പൈനാപ്പിളില്‍ നിന്നും മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇടയ്ക്കിടെയുണ്ടാകുന്ന വിലയിടിവ് മൂലം പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. പൊതുമേഖലയിലും, സ്വകാര്യ മേഖലയിലും വൈന്‍ ഉല്‍പ്പാദനം ആരംഭിക്കുന്നത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ജെ.ജോര്‍ജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷീന സണ്ണി, റെബി ജോസ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജശ്രീ അനില്‍, മെമ്പര്‍മാരായ ടോമി തന്നിട്ടാംമാക്കേല്‍, ജോസ് പെരുമ്പിള്ളികുന്നേല്‍, ഇ.കെ.സുരേഷ്, നിര്‍മ്മല അനില്‍, സാബു പുന്നകുന്നേല്‍, ജെസ്സി ജയിംസ്, മിനി ജോസ്, റൂബി തോമസ്, പഞ്ചായത്ത് സെക്രട്ടറി റെജിമോന്‍ പി.പി, എന്നിവര്‍ സംസാരിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 38 വീടുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഏഴ് വീടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാം ഘട്ട ലൈഫ് ഭവന പദ്ധതികളുടെ നടപടികളും ആരംഭിച്ചു.