*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു

ലൈഫ് മിഷൻ  നടത്തുന്ന ബ്ലോക്കുതല കുടുംബസംഗമങ്ങളുടേയും അദാലത്തുകളുടേയും സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ  വർക്കല ബ്ലോക്കിലെ തോപ്പിൽ ആഡിറ്റോറിയത്തിൽ നിർവഹിച്ചു. കേരളത്തിലെ ഭവനരഹിതരായവർക്ക് ഭവനം നൽകുക എന്നത് മാത്രമല്ല അവരുടെ തുടർജീവിതത്തിന് സാമൂഹ്യപരവും തൊഴിൽപരവുമായ സഹായം നൽകി മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് ഗുണഭോക്താക്കൾക്ക് അദാലത്തും കുടുംബസംഗമങ്ങളും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 20 ഓളം വകുപ്പുകൾ നൽകുന്ന വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ  ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സംഗമം. 2020 ജനുവരി അവസാനവാരം സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ രണ്ടുലക്ഷം ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീട് പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽദാനവും, മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകളെ ആദരിക്കലും മന്ത്രി നിർവഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ വി.ജോയി എം.എൽ.എ, മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് എന്നിവർ സംസാരിച്ചു. ലൈഫ് മിഷൻ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.പി. സാബുക്കുട്ടൻ നായർ മിഷന്റെ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന അദാലത്തിൽ തദ്ദേശസ്വയംഭരണം, കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ,  MGNREGS,  പട്ടികജാതി/പട്ടികവർഗ്ഗം, ആരോഗ്യം എന്നീ വകുപ്പുകളുടെ വിവിധതരം  സേവനങ്ങളും ഗുണഭോക്താക്കൾക്കായി ലഭ്യമാക്കി. കൂടാതെ അക്ഷയ സെന്റർ വഴി ഗുണഭോക്താക്കളുടെ ആധാർകാർഡ്, വോട്ടർ ഐഡി എന്നിവയുടെ പുതുക്കലും, തെറ്റ് തിരുത്തലും നടന്നു.