ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാല്‍ രണ്ടുണ്ട് കാര്യം. ചികിത്സതേടാം പുസ്തകവും വായിക്കാം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിരസതയകറ്റാന്‍ വഴിതുറക്കുകയാണ് ഇവിടുത്തെ തുറന്ന വായനശാല.
അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരാണ് അക്ഷരദീപം പദ്ധതിയിലൂടെ ഇവിടെ വായനശാല സജ്ജമാക്കിയത്. പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുന്നതും ഇവര്‍ തന്നെയാണ്.
നോവലുകള്‍, ആനുകാലികങ്ങള്‍, ഇയര്‍ ബുക്കുകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള 180 ഓളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ തന്നെയാണ് ഇവ ശേഖരിച്ചത്.
ആശുപത്രിയിലെത്തുന്ന ആര്‍ക്കും പുസ്തകങ്ങള്‍ വായിക്കാം. കാത്തിരുപ്പു കേന്ദ്രത്തിനു സമീപമുള്ള റാക്കിലാണ് പുസ്തകങ്ങള്‍. ലഭ്യമായ പുസ്തകങ്ങളുടെ ലിസ്റ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എടുക്കുന്ന പുസ്തകങ്ങള്‍ കേടുപാടു വരുത്താതെ തിരിച്ചു വെക്കണമെന്നതു മാത്രമാണ് നിബന്ധന.
സന്നദ്ധ പ്രവര്‍ത്തകരുടെ  സഹകരണത്തോടെ കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കി വായനശാല വിപുലീകരിക്കുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജി സെബാസ്റ്റ്യന്‍ പറഞ്ഞു.