സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസടക്കം പോലീസിനായി നിര്‍മ്മിച്ച  പതിനഞ്ചോളം  ഓഫീസ്  കെട്ടിടങ്ങളുടെ ഉദ്ഘാടനം  വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുക്കുക യായിരുന്നു അദ്ദേഹം. പോലീസിന്റെ 2020 ലെ പ്രധാന പരിപാടിയായി സ്ത്രീകളുടെ സുരക്ഷയെ കാണണം.

സുരക്ഷ പോലീസിന്റെ പ്രധാന ചുമതലയാണെങ്കിലും സമൂഹവും ഇക്കാര്യത്തില്‍ വലിയ പിന്തുണ നല്‍കണം. ആപല്‍സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുന്ന സംസ്‌ക്കാരം ഉയര്‍ന്ന് വരണം.   കൃത്യമായി ഇടപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പോലീസിനും സാധിക്കണം. പോലീസിന്റെ ജോലി മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സധൈര്യം മുന്നോട്ട്  പരിപാടിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ സഞ്ചരിക്കാന്‍ ആത്മവിശ്വാസം പകരാന്‍ സാധിക്കണം. സുരക്ഷിത എന്ന പേരില്‍ കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പരിപാടി കൊല്ലം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു വരികയാണ്.

വിലയിരുത്തലുകള്‍ക്ക് ശേഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ നടപടിയെടുക്കും. നഗരങ്ങളില്‍ ഷാഡോ പോലീസിംഗ് ശക്തിപ്പെടുത്തും. സ്തീകളും കുട്ടികളും ഒരുതരത്തിലുളള ആക്രമണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അടിയന്തര ഘട്ടങ്ങളിലെ ആശ്രയ കേന്ദ്രങ്ങളായ പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ക്രൈംബ്രഞ്ച് ഐ.ജി. ഇ.ജെ ജയരാജ്, ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, ക്രൈംബ്രാഞ്ച് എസ്.പി എ.ശ്രീനിവാസ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റെയ്ഹാനത്ത് ബഷീര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ഇസ്മായില്‍, ഓമന ടീച്ചര്‍ തുടങ്ങിയവര്‍  സംസാരിച്ചു.