വൈസ് ചെയർമാൻ ലോകേഷ് കുമാർ പ്രജാപതിയുടെ നേതൃത്വത്തിൽ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തി. പിന്നാക്ക സമുദായ സംഘടനകളുമായും, ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കമ്മീഷൻ അംഗങ്ങളായ കൗശലേന്ദ്ര സിങ് പട്ടേൽ, ആചാരി തല്ലോജു എന്നിവരും പങ്കെടുത്തു.
രാവിലെ വിവിധ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംവരണം, പിന്നാക്കക്ഷേമം തുടങ്ങിയ വിഷയങ്ങളിലുള്ള ആവശ്യങ്ങളും നിർദേശങ്ങളും സംഘടനകൾ സമർപ്പിച്ചു.
തുടർന്ന് നടന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിൽ സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങൾക്കായുള്ള വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പുരോഗതി കമ്മീഷൻ വിലയിരുത്തി. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, എ.ഡി.ജി.പി സുദേഷ്‌കുമാർ, പിന്നാക്ക വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അസ്ഗർ അലി പാഷ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ പിന്നാക്ക വികസന ബോർഡുകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.