സർക്കാർ പുതുതായി ആവിഷ്കരിച്ച 12 ഇന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് വിതരണം ചെയ്യുമെന്ന് തൊഴിൽ എസ്‌സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ. റേഷൻ കാർഡിൽ പേര് ഉൾപ്പെടാത്ത ഒരു കുടുംബവും സംസ്ഥാനത്ത് ഉണ്ടാവാൻ പാടില്ല.
നാട്ടിലെത്തുന്ന പ്രവാസികൾക്കും റേഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. നൊച്ചാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ പ്രവൃത്തി പൂർത്തീകരണ പ്രഖ്യാപനവും താണിയത്ത് താഴെ കനൽപാലം ഉദ്ഘാടനവും വാളൂർ -വടക്കമ്പത് നിർവഹിക്കുകയായിരുന്നു മന്ത്രി.
വീടില്ലാത്തവർക്ക് വീട് ലഭിക്കുക എന്നത് അവകാശമായി കാണണം. 12 ഇന പദ്ധതികളുടെ ഭാഗമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി നഗരങ്ങളിൽ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കും. 3000 ആളുകൾക്ക് ഒരു ശുചിമുറി എന്ന നിലയ്ക്ക് പ്രധാന കേന്ദ്രങ്ങളിൽ ശുചിമുറികൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കും.
പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് 74 കോടി രൂപയുടെ പദ്ധതി തീരുമാനിച്ചിട്ടുണ്ട്. ഒരു കോടി രൂപ ഉപയോഗപ്പെടുത്തി നിലവിലെ ഡയാലിസിസ് സെന്റർ വികസിപ്പിക്കും. ഡയാലിസിസ് കേന്ദ്രത്തിന് മുകളിലായി കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ്. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് കോളനി അംബേദ്കർ കോളനിയായി ഉയർത്തുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായി നൊച്ചാട് ഗ്രാമപഞ്ചായത്തിൽ 146 വീടുകളുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി. എം മനോജ്, സുബൈദ ചെറുവറ്റ, കെ. ടി. ബി കൽപത്തൂർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ മൂസ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.