വര്‍ഷങ്ങളായി വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത വിഴിഞ്ഞം വടക്കുഭാഗത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും വികസന പ്രക്രിയ ത്വരിതപ്പെടുത്താനും പ്രദേശവാസികളുമായി ചര്‍ച്ചചെയ്ത് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. വിഴിഞ്ഞം ദര്‍ഗ ഷെരീഫില്‍ ചേര്‍ന്ന പ്രദേശവാസികളുടെയും ജമാ അത്ത് കമ്മിറ്റിയുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
    വിഴിഞ്ഞം ഹാര്‍ബറിന്റെ പ്രവര്‍ത്തനം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായി കാര്യക്ഷമമായി ക്രമീകരിക്കാന്‍ നടപടി സ്വീകരിക്കും. പ്രദേശവാസികളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കും നടപടി. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കും. കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പ്രദേശത്തെ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വളരെ വര്‍ഷങ്ങളായി തെക്കുഭാഗം, വടക്കുഭാഗം എന്നു വിഘടിച്ചു നില്‍ക്കുന്ന മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
    ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ വെങ്കടേസപതി, വിഴിഞ്ഞം ജമാ അത്ത് പ്രസിഡന്റ് അയൂബ്ഖാന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.