ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചു: കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ 
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തു പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കാണു വീടുകള്‍ ലഭിച്ചതെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാല്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ മുന്നേറുന്ന കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ  ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എന്ന ആശയം ഈ സര്‍ക്കാര്‍ മുന്നോട്ടുവച്ചപ്പോള്‍ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കു വീടുകള്‍ ലഭിച്ചതോടെ ആശങ്കയും സംശയങ്ങളും ഇല്ലാതായിരിക്കുകയാണ്.
കോന്നി ബ്ലോക്കില്‍ മാത്രം 432 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാണെന്നും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാണ് അതിനു കാരണമെന്നും എംഎല്‍എ പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചവരുടെ ജില്ലയിലെ ആദ്യത്തെ കുടുംബ സംഗമമായിരുന്നു കോന്നി ബ്ലോക്കില്‍ നടത്തിയത്. കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്തിലൂടെ നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കു തല്‍സമയം റേഷന്‍ കാര്‍ഡ് നല്‍കുന്നതു മുതല്‍ ആധാറില്‍ തിരുത്തലുകള്‍ വരെയുള്ള വിവിധ അപേക്ഷകള്‍ക്ക് അദാലത്തില്‍ പരിഹാരമായി. ഈ മാസം 10 മുതല്‍ മറ്റ് ഏഴു ബ്ലോക്കുകളിലും നാലു നഗരസഭകളിലും കുടുംബ സംഗമവും അദാലത്തും നടക്കും.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി മോള്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി അനിത, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, കോന്നി ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ കെ.വിശ്വംഭരന്‍, ലീല രാജന്‍, മാത്യു തോമസ്, എലിസബത്ത് രാജു, പ്രിയ എസ് തമ്പി, പി.ആര്‍ രാമചന്ദ്രന്‍പിള്ള , മിനി വിനോദ്, ജയ അനില്‍, റോജി എബ്രഹാം, ജയശ്രീ സുരേഷ്, പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ അന്നമ്മ ഫിലിപ്പ്, ജില്ലാ പ്രോജക്റ്റ് ഡയറക്ടര്‍ എന്‍.ഹരി, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സുനില്‍, ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, കോന്നി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ: ജെ.ആര്‍ ലാല്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.