സംസ്ഥാനത്ത് വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തുന്ന നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ഐ.ടി.ഐ., നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് കേരള, അസാപ്, കുടുംബശ്രീ, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍സ് തുടങ്ങി വിവിധ ഏജന്‍സികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നൈപുണ്യവികസന പരിപാടികളും കോഴ്‌സുകളും നടത്തുന്നത്. നൈപുണ്യവികസന പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
യോഗത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നതവകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, തദ്ദേശ സ്വയം’രണ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കുടുംബശ്രീ ഡയറക്ടര്‍ ഹരി കിഷോര്‍, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, ജിപ്‌സണ്‍ വര്‍ക്ഷീസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.
നൈപുണ്യ വികസന പരിപാടികളുടെ മേല്‍നോട്ടത്തിന് കേന്ദ്രീകൃതമായ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടികളുടെ ഫലം വിലയിരുത്തുകയും വേണം. പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണം. വ്യവസായങ്ങളുമായും ബിസ്‌നസ്സ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തിവേണം ഇത്തരം കോഴ്‌സുകള്‍ നടത്തേണ്ടത്. ജില്ലകളുടെ പ്രത്യേകത കണക്കിലെടുത്ത് പ്രത്യേക നൈപുണ്യ വികസന പരിപാടികള്‍ ആവിഷ്‌ക്കരിക്കണം. പരിശീലനം ശാസ്ത്രീയമാണെന്ന് ഉറപ്പുവരുത്തണം.
നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും പുനരാവിഷ്‌ക്കരിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി