എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് കൂടി ഫോറൻസിക് ലാബോറട്ടറികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമായി. അന്താരാഷ്ട്ര മാനദണ്ഡമായ ഐ.എസ്.ഒ/ഐ.ഇ.സി 17025:2017 അനുസരിച്ച് മാനദണ്ഡങ്ങൾ ഫോറൻസിക് പരിശോധനാ രംഗത്ത് നടപ്പാക്കിയതിനാണ് ബഹുമതി. തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴസ് ലബോറട്ടറിക്ക് 2018ൽ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. ഇതോടെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പ് സമ്പൂർണമായി എൻ.എ.ബി.എൽ അക്രഡിറ്റേഷനു കീഴിലായി.

ദേശീയ ഏജൻസിയായ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എൻ.എ.ബി.എൽ ബോർഡ് നിയോഗിക്കുന്ന ശാസ്ത്ര സാങ്കേതികമേഖലയിലെ വിദഗ്ധരുടെ പാനൽ പല ഘട്ടങ്ങളിലായി വിശദമായ പരിശോധന നടത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് അംഗീകാരം നൽകുന്നത്. അംഗീകാരം ലഭിച്ചതോടെ കേന്ദ്ര ലബോറട്ടറികൾ ഉൾപ്പെടെയുള്ള വൻ രാസപരിശോധനാ ലാബുകളുടെ നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ് വകുപ്പിന്റെ ലാബോറട്ടറികൾ.

ഇന്ത്യയിൽ 90 ലേറെ ഫോറൻസിക് ലാബുകളിൽ പത്തോളം ലാബുകൾക്ക് മാത്രമാണ് ഇതുവരെ ഈ അംഗീകാരം ലഭിച്ചിട്ടുളളത്. മയക്കുമരുന്നുകൾ, ആന്തരികാവയവ പരിശോധന, മദ്യ പരിശോധന, ലൈംഗികാക്രമണങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകൾ, സ്‌ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, കോൺക്രീറ്റ് തുടങ്ങിയ വിവിധങ്ങളായ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് ലാബിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒാരോ വർഷവും 30,000 ൽ അധികം വിവിധ കേസുകളിൽ ഒരു ലക്ഷത്തിൽപ്പരം സാമ്പിളുകളാണ് സംസ്ഥാനത്തെ മൂന്നു കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികളിൽ പരിശോധിക്കുന്നത്. ഇതിനായി വിദഗ്ധരായ 58 ശാസ്ത്രജ്ഞരാണുള്ളത്.